സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻ ഓഫറാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്.

ഒമാനിൽ നിന്ന്​ കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക്​ ഓഫർ പ്രഖ്യാപിച്ച്​ എയർ ഇന്ത്യ. ഈമാസം 21ന്​ മുമ്പ്​ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ 36.1 റിയാൽ മുതലുള്ള നിരക്കിൽ ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പറക്കാം. ഈ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്​.

നിലവിൽ മസ്കത്തിൽ നിന്ന്​ കണ്ണൂരിലേക്ക്​ മാത്രമാണ്​ എയർ ഇന്ത്യ സർവീസ്​ നടത്തുന്നത്​. കുറഞ്ഞ നിരക്കുകൾക്കൊപ്പം സൗജന്യ ബാഗേജ് പരിധി 30 കിലോയിൽ നിന്ന് 35 കിലോ ആയി ഉയർത്തിയിട്ടുമുണ്ട്​. നേരിട്ടുള്ള യാത്രക്ക്​ മാത്രമാണ്​ ഓഫർ ലഭ്യമാകുക. മടക്കയാത്രക്കും ആകർഷകമായ ഓഫറുകൾ എയർ ഇന്ത്യ ​പ്രഖ്യാപിച്ചിട്ടുണ്ട്​.

ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ കണ്ണൂരിലേക്ക്​ നടത്തുന്നത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4.30ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.20ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാത്രി 10.20ന് പുറപ്പെട്ട് ഒമാൻ സമയം 12.20 മസ്‌കത്തിൽ തിരികെയെത്തും. ബജറ്റ് വിമാനല്ലാത്ത എയർ ഇന്ത്യയുടെ സ്വതന്ത്ര്യദിന ഓഫറിന്​ പ്രവാസികൾക്കിടയിൽനിന്ന്​ നല്ല പ്രതികരണം ലഭിക്കുമെന്നാണ്​ പ്രതീക്ഷ.

വൺ ഇന്ത്യ, വൺ ഫെയർ എന്ന പേരിൽ നടക്കുന്ന പ്രമോഷൻ കാമ്പയിനിന്‍റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്​. ഒമാന് പുറമെ യു. എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്​, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും പ്രമോഷൻ കാമ്പയിനിന്‍റെ ഭാഗമായ ഓഫർ ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾക്ക്​ എയർ ഇന്ത്യയുടെ www.airindia.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുക.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിലും എയർ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. എന്നാൽ നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു.

സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്.  കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!