മലയാളിയെ പറഞ്ഞ് പറ്റിച്ച് ഗൾഫിലേക്ക് മയക്ക് മരുന്ന് കടത്തി പിടിയിലായ സംഭവം: പിന്നിൽ പ്രവർത്തിച്ചവർ കേരളത്തിൽ പിടിയിലായി
ഖത്തറിൽ ജോലിക്കെത്തി മയക്ക് മരുന്ന് കേസിൽ മലയാളി യുവാവ് പിടിയിലായ സംഭവത്തിൽ മൂന്ന് പേർ കേരളത്തിൽ പിടിയിലായി. എടത്തല കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ആഷിഖ് (25), കോട്ടയം അയ്യർകുളങ്ങര കണ്ണംകുളത്തുവീട്ടിൽ രതീഷ് (26) എന്നിവരെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വരാപ്പുഴ ചിറക്കകം സ്വദേശിയായ യശ്വന്താണ് മയക്കുമരുന്ന് സംഘത്തിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ പിടിയിലായത്. വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ഖത്തറിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് കൊണ്ടുപോകുന്നത്. വിസയും ടിക്കറ്റും സംഘം സൗജന്യമായി നൽകുകയായിരുന്നു.
ദുബായിൽ വെച്ച് ഖത്തറിൽ വച്ചു കൈമാറാനെന്ന് പറഞ്ഞ് യശ്വന്തിനെ ഇവർ ഒരു പൊതി ഏൽപ്പിച്ചു. എന്നാൽ അത് മയക്ക് മരുന്നാണെന്ന കാര്യം യശ്വന്ത് അറിഞ്ഞിരുന്നില്ല. ഖത്തറിലെത്തിയ യശ്വന്തിന്റെ കയ്യിൽ നിന്ന് പരിശോധനക്കിട കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നിരപരാധിയായ യശ്വന്ത് ജയിലിലായി.
യശ്വന്തിന്റെ അമ്മ എറണാകുളം റൂറൽ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ രീതിയിൽ ഷമീർ എന്ന മറ്റൊരു യുവാവും ഖത്തറിൽ പിടിലിയതായി പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക