രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ് ചെയ്തു; പ്രിയങ്കയെ വാനിലേക്ക് വലിച്ചിഴച്ച് പൊലീസ് – വിഡിയോ
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
രാജ്യത്ത് ജനാധിപത്യം ഒാർമ മാത്രമായി മാറിയതായി രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം. ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്ക അടക്കമുള്ള നേതാക്കളെ ബാരിക്കേഡ് നിരത്തിയാണ് പൊലീസ് തടഞ്ഞത്. കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ സംഘർഷമുണ്ടായി.
#WATCH | Police detain Congress leader Priyanka Gandhi Vadra from outside AICC HQ in Delhi where she had joined other leaders and workers of the party in the protest against unemployment and inflation.
The party called a nationwide protest today. pic.twitter.com/JTnWrrAT9T
— ANI (@ANI) August 5, 2022
കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും (പിഎം ഹൗസ് ഘരാവോ) ലോക്സഭാ, രാജ്യസഭാ എംപിമാർ പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുമാണ് (ചലോ രാഷ്ട്രപതി ഭവൻ) പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നത്.
പ്രതിഷേധ പ്രകടനത്തിനു മുന്നോടിയായി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു. റോഡിൽ പാചകം ചെയ്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം കേന്ദ്രസേനയും ഡൽഹി പൊലീസും വളഞ്ഞു. ജന്തർമന്തർ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പ്രതിഷേധം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധി, മോദി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചെന്ന് പറഞ്ഞു. എല്ലാ കേന്ദ്ര ഏജന്‍സികളെയും കെട്ടഴിച്ചു വിടുന്ന മോദി സര്‍ക്കാരിന്റെ നടപടി ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ തുടക്കമാണു സൂചിപ്പിക്കുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്കു വര്‍ധന എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം ഫലത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരായ പ്രക്ഷോഭം കൂടിയാണ്. നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. നാഷനൽ ഹെറൾഡ് ഓഫിസിലും 11 ഇടങ്ങളിലും റെയ്ഡ് നടത്തിയ ഇഡി, നാഷനൽ ഹെറൾഡിന്റെ ആസ്ഥാനം മുദ്രവയ്ക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക