നാല് വയസ്സുള്ള മകളെ കെട്ടിടത്തിൻ്റെ നാലാം നിലയിൽനിന്നു അമ്മ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു അമ്മ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ബെംഗളുരുവിലെ സമ്പങ്കിരാമനഗറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ ദന്തഡോക്ടർ സുഷമ ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്‌റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

 

ഉച്ചകഴിഞ്ഞ് 3നും 3.30നും ഇടയിലാണ് സംഭവം നടന്നത്. സികെസി ഗാർഡനിലെ അപ്പാർട്‌‌മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. സുഷമ കുട്ടിയുമായി ബാൽക്കണിയിൽ നിൽക്കുന്നതും പെട്ടെന്നു താഴേയ്ക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു. ഇവരുടെ ഏക മകളായ ദ്രിതി ബാലകൃഷണയാണ് മരിച്ചത്. ഇതിനുശേഷം ബാൽക്കണിയുടെ കൈവരിയിൽ കയറിയിരുന്ന സുഷമയെ, ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടിക്ക്, മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. സുഷമയുടെ മാനസികനിലയെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share