‘മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍’; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍

തന്‍റെ വീട്ടിലെത്തിയതിന്‍റെ പേരില്‍ നടന്‍ മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക താല്‍പ്പര്യക്കാരാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേരാനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. 

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കല്യാണത്തിന് വന്നിരുന്നു. പിണറായി വന്നല്ലോ? പിണറായി സിപിഎം വിടാന്‍ പോവുകയാണോ? എന്തിവാണ് മമ്മൂട്ടിയെ ആക്രമിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി വന്നു. ഇ.പി.ജയരാജന്‍ വരാമെന്ന് പറഞ്ഞു.  എന്നിട്ടും എന്തിനാണത്തരത്തില്‍ ആക്രമിക്കുന്നതെന്നാണ് ഗോപാലകൃഷ്ണന്‍റെ ചോദ്യം

മമ്മൂട്ടിയെ ൈസബറിടത്ത് ആക്രമിച്ച് സിപിഎം ചെറുതായി പോവുകായാണ്. ആക്രമിക്കുന്നത് സിപിഎമ്മുകാരാകാന്‍ വഴിയില്ല. സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്ന പ്രത്യേക താല്‍പര്യക്കാര്‍ ആവാനാണ് സാധ്യത. മമ്മൂട്ടി രഹസ്യമായിട്ടല്ല, പരസ്യമായിട്ടാണ് വന്നത്. എല്ലാവരും ഒരുമിച്ച് പോകുന്നത് ഇഷ്ടപ്പെടാത്തവരാണ് ആക്രമിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയം എന്ന വാക്ക് ഉപയോഗിക്കരുതെന്നും മകളുടെ വിവാഹത്തെ ഈ രീതിയില്‍ വലിച്ചഴക്കാന്‍ താല്‍പര്യമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

നേതാക്കളുമായുള്ളത് വ്യക്തി ബന്ധമാണെന്നും മനുഷ്യന്‍റെ ക്വാളിറ്റി ബന്ധങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അടിമുടി ബിജെപിക്കാരനാണ്. വ്യക്തിപരമായി എല്ലാവരുമായി സൗഹൃദമുണ്ടാകണം എന്നാഗ്രഹിക്കുന്ന ആളാണ്. കേരളവര്‍മയില്‍ എസ്എഫ്ഐക്കാരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

നവംബര്‍ ഒന്നിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഗോപാലകൃഷ്ണന്‍റെ മകള്‍ അനഘയുടേയും അന്‍ജിത്തിന്‍റേയും വിവാഹം. വിവാഹത്തിനെത്തുമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചടങ്ങിനായി എറണാകുളത്തു നിന്നും പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിലെ ഗതാഗതക്കുരുക്ക് കാരണം മടങ്ങേണ്ടി വന്നു. ഇതോടെയാണ് മറ്റൊരു ദിവസം നവദമ്പദികളെ കാണാന്‍ മമ്മൂട്ടിയെത്തിയത്.

Share