ഉപരോധ ഭീഷണിയുമായി യു.എസ്: ഇറാൻ വിമാന സർവീസുകൾ നാളെ മുതൽ സ്തംഭിച്ചേക്കും

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഇറാനിയൻ വിമാനക്കമ്പനികളുടെ പ്രവർത്തനം നാളെ മുതൽ പൂർണമായി സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇറാനിയൻ വിമാനങ്ങൾക്ക് സേവനം നൽകുന്ന വിദേശ കമ്പനികൾക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

യു.എസ്-ഇറാൻ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെ സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്‌കോട്ട് ബെസെന്റ് നിലപാട് വ്യക്തമാക്കിയത്. ‘ലോകമെമ്പാടുമുള്ള മുഴുവൻ ഇറാനിയൻ എയർലൈനുകളുടെയും പ്രവർത്തനം ഉടൻ അവസാനിക്കും.’ ബെസെന്റ് പറഞ്ഞു.

വിമാനക്കമ്പനികളെ മാത്രമല്ല, ഇവർക്ക് സഹായം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റിങ് ഏജൻസികൾ, ഇന്ധന വിതരണക്കാർ, മറ്റ് ഗ്രൗണ്ട് സർവീസ് ഏജൻസികൾ എന്നിവരെയും ലക്ഷ്യമിട്ടാണ് യു.എസിന്റെ നീക്കം. ഇറാൻ വിമാനങ്ങൾക്ക് ലാൻഡിങ് സേവനങ്ങളോ ഇന്ധനമോ നൽകുകയോ ടിക്കറ്റുകൾ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ ഡോളർ ഇടപാടുകളിൽനിന്ന് (dollar system) പുറത്താക്കുമെന്നും നാളെ(സെപ്റ്റംബർ 23)-ഓടെ ഈ കമ്പനികളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു.എസ് ഭീഷണിയെത്തുടർന്ന് പല രാജ്യങ്ങളും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി തുടങ്ങി. ഇറാൻ കമ്പനികളുടെ സർവീസുകൾ റദ്ദാക്കുമെന്ന് ഇറാഖ് വ്യക്തമാക്കിയതായി വാർത്താ ഏജൻസി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ജോർജിയ വ്യോമപാതയിൽ ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. തുർക്കി സർക്കാരിന്റെ ആവശ്യപ്രകാരം അങ്കാറയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതായി ഇറാനിയൻ വിമാനക്കമ്പനിയായ മൗഹാൻ എയർ അറിയിച്ചു.

വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾ കാരണം പുതിയ വിമാനങ്ങൾ വാങ്ങാനോ അറ്റകുറ്റപ്പണികൾക്കുള്ള സ്‌പെയർ പാർട്‌സുകൾ ലഭ്യമാക്കാനോ സാധിക്കാതെ വലിയ പ്രതിസന്ധിയിലാണ് ഇറാന്റെ വ്യോമയാന മേഖല.
അതേസമയം, വിഷയത്തിൽ ഇറാന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല.

Share