ഓണം.. പൊന്നോണം… നാടും നഗരവും ആഘോഷത്തില്‍
പൊന്നോണ നിറവിൽ മലയാളം. ആഘോഷത്തിമിർപ്പിലാണ് നാടും നഗരവും. വീടുകളിൽ സദ്യവട്ടത്തിന്റെ ഒരുക്കങ്ങൾ. പുത്തുനുടുപ്പണിഞ്ഞ് പൂക്കളമൊരുക്കി ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിലാണ് മലയാളികള്‍.
സമത്വവും സമൃദ്ധിയുമൊക്കെ ചേര്‍ത്തുപിടിച്ച്, വേര്‍തിരിവിന്റെ വേലികെട്ടില്ലാതെ സകലരും ഒരുപോലെ ആ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി നാളുകള്‍. കള്ളവും ചതിയുമില്ലാതെ, മാനവരെല്ലാം ഒരുപോലെ കഴിഞ്ഞിരുന്ന മാവേലിക്കാലത്തെ ഓര്‍മപ്പെടുത്തുന്നുണ്ട് ഓണം.
സംസ്ഥാനത്ത് പലതരത്തിലാണ് ഓണം ആഘോഷങ്ങള്‍. ക്ലബ്ബുകളും, റെസിഡന്റ്സ് അസോസിയേഷനുകളും തുടങ്ങി, തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരുമൊക്കെ പലവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളുമൊക്കെ ചേര്‍ന്നാണ് ആഘോഷം. പഴയകാല ഓണക്കളികളും, പരമ്പരാഗത രീതിയിലുള്ള ഓണാഘോഷവുമൊക്കെ അവിടെ കാണാം. നഗരത്തിലെത്തുമ്പോള്‍ ആഘോഷത്തിന്റെ രീതി മാറുന്നുണ്ടെങ്കിലും സന്തോഷത്തിനും ആരവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാകുന്നില്ല. നാട്ടിലും മറുനാട്ടിലും മറ്റു രാജ്യങ്ങളിലുമെല്ലാം പലതരത്തില്‍, രീതിയില്‍ ഓണം ആഘോഷിക്കപ്പെടുന്നു.
ഓണം മലയാളിക്ക് ആഘോഷം മാത്രമല്ല, ആചാരങ്ങളും കൂടി ഒത്തു ചേർന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ആറന്മുളക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണിയുടെ വരവ്. ആറന്മുള പാർത്ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായാണ് തിരുവോണത്തോണി എത്തിയത്. പള്ളിയോടസേവാസംഘവും വിവിധ കരനാഥന്മാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്നാണ് അത് സ്വീകരിച്ചത്.
തിരുവോണ ദിനത്തില്‍ ക്ഷേത്രങ്ങളിലും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണനെ കാണാൻ ഗുരുവായൂരിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. പുലർച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. പതിനായിരം പേർക്ക് പ്രത്യേക പ്രസാദ ഊട്ടുമുണ്ട്.


