കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ബസ് പാഞ്ഞുകയറി 5 പേർ കൊല്ലപ്പെട്ടു

പട്ന: ബിഹാറിലെ ബെറ്റിയയിൽ റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അർധരാത്രിയോടെ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് റോഡരികിൽ ആഘോഷങ്ങളിൽ ഏർപ്പെട്ടിരുന്ന ജനക്കൂട്ടത്തിലേക്ക് വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. വാഹനമിടിച്ച് പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

കുടുംബത്തിൽ ഒരു കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി നാട്ടുകാരെയും ബന്ധുക്കളെയും ഉൾപ്പെടുത്തി നടത്തിയ ആഘോഷ പരിപാടിക്കിടെയായിരുന്നു വലിയ ദുരന്തമുണ്ടായത്. നവജാത ശിശുവിന്റെ പിതാവും അപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും ബെറ്റിയയിലേക്ക് വരികയായിരുന്നു അപകടമുണ്ടാക്കിയ ബസ്. 

ബഹാദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോല ദുബെ, ചങ്കുർ റാം, കുട്ടിയുടെ പിതാവായ ദേവേന്ദ്ര ദുബെ എന്നിവരാണ് അപകടത്തിൽ മരിച്ചവർ. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share