പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യ-ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്തൽ ; നെതന്യാഹുവുമായി സംസാരിച്ച് മോദി

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തിയ ഇരുവരും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

ഇരുരാജ്യങ്ങളുടെയും നേട്ടങ്ങൾക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ.) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘ഇന്ത്യ-ഇസ്രയേൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലെ തുടർച്ചയായ പുരോഗതി നേതാക്കൾ വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു’, പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് നെതന്യാഹുവും മോദിയും ആശയവിനിമയം നടത്തിയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഈവർഷം മാർച്ചിൽ പ്രാദേശിക സാഹചര്യങ്ങൾ ചർച്ചചെയ്യാൻ ഇരുവരും ടെലഫോണിൽ സംസാരിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും ചർച്ചനടന്നിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ.) രണ്ടാംഘട്ട ചർച്ചകൾ കഴിഞ്ഞ ജൂലായിൽ പൂർത്തിയാക്കിയിരുന്നു.

Share