മഴ കനക്കും, വിവിധ ജില്ലകളിൽ നാളെയും അവധി: 8 ജില്ലകളിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ  നാളെ (ബുധൻ) കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. വരും മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.

കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

കാസർകോട്
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

മഴയിൽ കാസർകോട് ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിച്ചത്.

വയനാട്
വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാം. റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം. വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം.

സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), ടൂറിസം വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ 

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

ഇടുക്കി
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

പത്തനംതിട്ട

കനത്ത മഴയും പ്രളയബാധിത ക്യാമ്പുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചു.

Share