പ്രേംകുമാർ കോൺഗ്രസിലേക്ക്; ഇന്നു നിർണായക ചർച്ച; പദവിയും പരിഗണനയിൽ

തിരുവനന്തപുരം: സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം. പ്രേംകുമാറുമായി കെപിസിസി അംഗം ജെ.എസ്. അഖിൽ ഇന്നു ചർച്ച നടത്തും.

രാത്രി എ‌ട്ടിന് പ്രേംകുമാറിന്റെ വസതിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്നു കെസി വാക്കു നൽകിയതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ തീരുമാനമാകും,

കോൺഗ്രസിലെത്തിയാൽ പ്രേംകുമാറിനെ കാട്ടാക്കട മണ്ഡലത്തിൽ സ്ഥാനാനാർഥിയായി പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബോർഡ് – കോർപറേഷൻ ചെയർമാൻ പദവിയാണ് പാർട്ടിയുടെ വാഗ്ദാനം. അതേസമയം, എവിടെയൊക്കെയോ ചർച്ചകൾ നടക്കുന്നുണ്ടാകാമെന്നും തന്നോട് ഔദ്യോഗികമായി ആരും സംസാരിച്ചിട്ടില്ലെന്നും പ്രേംകുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. ചില നിലപാടുകളിലേക്കു വരാനുണ്ടെന്നും കോൺഗ്രസിലേക്ക് പോകുമോയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‌

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാരണം പോലും വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയതിനെതിരെ പ്രേംകുമാർ കട‌ുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ തുടര്‍ഭരണത്തിനെതിരെ സംസാരിച്ച സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദൻ ഇപ്പോഴും പദവിയിൽ തുടരുന്ന് തനിക്കില്ലാത്ത എന്തോ സിദ്ധി അദ്ദേഹത്തിനുള്ളതുകൊണ്ടാണെന്നു തോന്നുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രേംകുമാറിന്റെ പ്രതികരണം. സച്ചിദാനന്ദനും തനിക്കും ഇരട്ടനീതിയാണെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രേംകുമാറിനെ പാർട്ടിയിൽ എത്തിക്കാനുള്ള ആലോചന കോൺഗ്രസ് നേതാക്കൾ ആരംഭിച്ചത്.

……

Share