നിപ ഫലം മന്ത്രിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയത് ഡിഎംഇ; രോ​ഗം സ്ഥിരീകരിച്ച വിവരം ഡിഎച്ച്എസിനെ അറിയിച്ചില്ലെന്ന് ആരോപണം

തിരുവനന്തപുരം: നിപ ഫലം മന്ത്രിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന വിവാദത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ.ജെ. റീനയെ നീക്കിയതിൽ ഒരു വിഭാഗം ഡോക്ടർമാർക്ക് പ്രതിഷേധം. ഡോ. റീനയ്ക്ക് എതിരെ സർക്കാർ സ്വീകരിച്ചത് പ്രതികാരനടപടിയാണെന്നാണ് പരാതി.

നിപ പരിശോധനാ ഫലം ലഭിച്ചത് ഡിഎംഇയ്ക്കാണെന്നും ആരോപണമുണ്ട്. ഡിഎംഇ ആരോഗ്യവകുപ്പ് ഡയറക്ടറെ വിവരം അറിയിച്ചില്ല. ഇക്കാരണത്താലാണ് ഡോ. റീനയ്ക്ക് പത്രക്കുറിപ്പിൽ പരിശോധനാ ഫലം ലഭിച്ച വിവരം ഉൾപ്പെടുത്താൻ കഴിയാത്തത് എന്നും ഒരു വിഭാഗം ഡോക്ടർമാർ പറയുന്നു.

മെഡിക്കൽ കോളേജിൽ നിന്നാണ് പരിശോധനയ്ക്കുള്ള സാമ്പിൾ അയച്ചത്. പരിശോധനാഫലം ലഭിച്ചത് ഡിഎംഇയ്ക്കാണ്. മന്ത്രിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയത് ഡിഎംഇ ആണ്. നിപ സ്ഥിരീകരിച്ച വിവരം ഡിഎംഇ ഡിഎച്ച്എസിനെ അറിയിച്ചില്ല. നിപ അവലോകന യോഗത്തിന് ശേഷം പ്രസ് നോട്ട് തയ്യാറാക്കിയത് ഡിഎച്ച്എസ് കെ.ജെ. റീനയാണ്. കോഴിക്കോട് ഡിഎംഇ അറിയിക്കത്തിനാൽ പ്രസ് നോട്ടിൽ നിപ സ്ഥിരീകരണം ഉൾപ്പെടുത്തിയില്ല. യഥാർഥ ഉത്തരവാദികളെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഒരു വിഭാഗം ഡോക്ടർമാർ ആരോപിച്ചു.

അതേസമയം, നിപ സ്ഥിരീകരണത്തിലെ ആശയക്കുഴപ്പത്തിൽ മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ പഴിപറഞ്ഞായിരുന്നു ഇന്ന് ആരോഗ്യമന്ത്രിയുടെ പ്രതികരണം. തൊരപ്പൻ പണി കാണിച്ചതിനാലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയത്. ഒരു മണിക്ക് നിപ ഫലം കിട്ടിയിട്ടും ഡയറക്ടർ മറച്ചുവച്ചു. ഇക്കാര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് വീഴ്ചയില്ല. സഹകരിക്കാത്തവരെ സർക്കാരിന് ആവശ്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു.

Share
error: Content is protected !!