രക്ഷവേണമെങ്കിൽ ഞങ്ങളുടെ പ്രദേശം വിട്ടുപോകുക’;US ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാൻ
ടെഹ്റാൻ: പേർഷ്യൻ കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് വീണ്ടും സംഘർഷത്തിലേക്ക് പോയത്. ഈ സംഭവത്തെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. തങ്ങളുടെ സൈനിക കരുത്തിനെ പരീക്ഷിക്കാൻ മുതിരുന്നവർക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആഗ്രഹിക്കുന്നുണ്ടെങ്കിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് എത്രയും വേഗം പിന്മാറണമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിന്റെ ചരിത്രം പരിശോധിച്ചാൽ അതിക്രമിച്ചു കയറിയ പുറത്തുനിന്നുള്ളവർക്ക് നേരിടേണ്ടി വന്ന ദുരന്തങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധക്കളത്തിലെ പരാജയങ്ങൾക്ക് ശേഷം അമേരിക്ക ഇറാന്റെ നിശ്ചയദാർഢ്യത്തെ പരീക്ഷിക്കുകയാണെന്നും ഏത് ഭീഷണിക്കും തങ്ങളുടെ സായുധ സേന മറുപടി നൽകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
അതേസമയം, ഹെലികോപ്റ്റർ തകർന്നുവീണതിന് പിന്നാലെ ഇറാനെതിരെ അമേരിക്കൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യു.എസ്. എയർഫോഴ്സ്, നേവി ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് കൃത്യതയോടെയുള്ള ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാനൻഡ് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ആത്മരക്ഷാർത്ഥം നടത്തുന്ന ആക്രമണങ്ങൾ ഇറാന്റെ അനാവശ്യമായ പ്രകോപനത്തിനുള്ള ആനുപാതികമായ മറുപടിയാണെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികർക്ക് നേരെയുള്ള ഏത് ആക്രമണത്തിനും തത്തുല്യമായ മറുപടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടക്കുന്നത്. ഇതിനിടെ ഇറാൻ ഗൾഫിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് മുകളിലുള്ള ഈ സൈനിക നീക്കങ്ങൾ മേഖലയിലെ മൊത്തത്തിലുള്ള സുരക്ഷയെ അപകടത്തിലാക്കുന്നു. ഇറാന്റെ സൈനിക നടപടി അനാവശ്യമാണെന്ന് അമേരിക്ക ആവർത്തിക്കുമ്പോൾ, സ്വന്തം അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ഇറാന്റെ നിലപാട്.


