അത്താഴത്തിനിടെ വെടിയൊച്ച; ട്രംപിനെ ഒഴിപ്പിച്ചു; അക്രമി പിടിയില്‍?

വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹാളില്‍ വച്ച് നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് ഡിന്നറിനിടെ നാടകീയ സംഭവങ്ങള്‍.  ട്രംപും ഭാര്യ മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സിന്റെ ബാള്‍റൂമിലിരിക്കവേയാണ് വെടിയൊച്ച കേട്ടത്.

ഇതോടെ അത്താഴവിരുന്നിനെത്തിയവരെല്ലാം മേശയ്ക്കടിയിലൊളിച്ചു. ട്രംപും തലതാഴ്ത്തി സുരക്ഷിതനാകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിമിഷങ്ങള്‍ക്കകം ട്രംപിനെ സീക്രട്ട് സര്‍വീസ് ഏജന്‍റുമാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അത്താഴ വിരുന്നില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച അക്രമിയെ പിടികൂടിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമി കൊല്ലപ്പെട്ടതായി സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അക്രമിയുടെ ഉദ്ദേശമെന്തായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രംപിന് പുറമെ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് എന്നിവരും അത്താഴവിരുന്നിനെത്തിയിരുന്നു. 

ഇതാദ്യമായാണ് പ്രസിഡന്‍റായ ശേഷം ട്രംപ് വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് ഡിന്നറില്‍ പങ്കെടുക്കാനെത്തുന്നത്. ആദ്യ ടേമില്‍ പ്രസിഡന്‍റായപ്പോള്‍ ട്രംപ് അത്താഴ വിരുന്ന് ഒഴിവാക്കിയിരുന്നു. 2011 ല്‍ ഒബാമ പ്രസിഡന്‍റായിരിക്കവേ ട്രംപ് അത്താഴത്തില്‍ പങ്കെടുത്തിട്ടുണ്ട്

Share
error: Content is protected !!