കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റ് തന്നെ; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: കായംകുളത്തെ യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ഉണ്ട്.

ശരീരത്തിനുള്ളിലും വിഷാംശ സാന്നിധ്യമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മകൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. സെലീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ വാദം. എന്തോ കടിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻ്റിവെനം നൽകാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയുടെ വാദം തള്ളുന്നതാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ.

Share
error: Content is protected !!