‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ റിസൾട്ട് വരണം’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. കോൺഗ്രസ് നേതാവ് എ.പി അനിൽകുമാറിന്റെ പാണക്കാട് സന്ദർശനത്തിലും ലീഗിന് അതൃപ്തിയുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിലേക്ക് പാണക്കാടിനെ വലിച്ചിഴക്കുന്നുവെന്നാണ് ലീഗ് കരുതുന്നത്.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഉചിതമായ രീതിയിലല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്ന് പ്രതികരിച്ചു.. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടണ്ണൽ കഴിഞ്ഞ് ഭൂരിപക്ഷം ലഭിക്കണം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണം, പാർട്ടി പ്രവർത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുതെന്നും പിഎംഎ സലാം വ്യക്തമാക്കി.
അനിൽകുമാറിന്റെ സന്ദർശനം കെ.സി വേണുഗോപാലിന് വേണ്ടിയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി വേണുഗോപാലിന്റെ ഉറ്റ അനുയായിയാണ് അനില്‍കുമാര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയുടെ പേര് സജീവ ചര്‍ച്ചയായതിന് പിന്നാലെയാണ് പാണക്കാട്ടെത്തി സാദിഖലി ഷിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ട് അനില്‍കുമാര്‍ സംസാരിച്ചത്. എന്നാല്‍ അനിൽ കുമാറിനൊപ്പം മാധ്യമങ്ങളെ കാണാനും സാദിഖലി തങ്ങൾ തയ്യാറായിരുന്നില്ല. സന്ദര്‍ശനം തികച്ചും സൗഹൃദപരമാണെന്നാണ് അനിൽകുമാർ പറഞ്ഞത്.
വോട്ടെണ്ണലിന് ശേഷം ഭൂരിപക്ഷം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇപ്പോൾ അത്തരം ചർച്ചകളിലേക്ക് കടന്നിട്ടില്ല. അനിൽ കുമാറിൻറേത് തികച്ചും സൗഹൃദ സന്ദർശനം മാത്രമാണെന്നും എ.പി അനിൽകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞിരുന്നു.


