പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, ഇസ്റാഈലിനെ നിലക്ക് നിർത്താനാകുന്നില്ല- ഇറാൻ

ടെഹ്റാൻ: വെടിനിർത്തൽ കരാർ തകർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ലെന്നും സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആർജിസി ഉദ്യോഗസ്ഥൻ മൊഹ്സെൻ റാസ എക്സിൽ കുറിച്ചു.

‘ഞങ്ങൾ ഹിസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും. വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല. അമേരിക്കയുടെ വെടിനിർത്തൽ ലംഘനങ്ങൾ അനുവദിക്കില്ല’- റാസ എക്സിൽ കുറിച്ചു.

ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് ശേഷവും ഇസ്രായേൽ ലെബനനിൽ കനത്ത ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ ലെബനനിൽ 254 പേർ കൊല്ലപ്പെടുകയും 1165 പേർക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇറാനുമായുള്ള ചർച്ചയിൽനിന്ന് മാറ്റിനിർത്തിയതിലും തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിർത്തൽ കരാറിൽ അന്തിമതീരുമാനമെടുത്തതുമാണ് ഇസ്രയേലിന്റെ അതൃപ്തിക്ക് കാരണമെന്നാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നത്.

വെടിനിർത്തൽ കരാറിലെത്താനുള്ള തീരുമാനം അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചർച്ചകളിൽനിന്ന് ഇസ്രയേൽ പ്രതിനിധികളെ ഒഴിവാക്കിയെന്നും വിവരമുണ്ട്.

Share

11 thoughts on “പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, ഇസ്റാഈലിനെ നിലക്ക് നിർത്താനാകുന്നില്ല- ഇറാൻ

Comments are closed.