‘സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ’: സംവാദത്തിന് വീണ്ടും ക്ഷണിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘ സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു.

സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’’–പ്രതിപക്ഷ നേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘എന്നാൽ ഇതിൽ സംവാദമായാലോ?’– പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വികസന സംവാദത്തിന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ ഇന്നലെ ക്ഷണിച്ചത് ഇങ്ങനെ. സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടിക നിറച്ച ‘റിപ്പോർട്ട് കാർഡ്’ പങ്കുവച്ചു കൊണ്ടാണ് അതിന്മേലുള്ള സംവാദത്തിന് ക്ഷണിച്ചത്. പ്രതിപക്ഷം സംവാദത്തിനു ക്ഷണിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് കൊല്ലത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി നിയമസഭയിൽ സംവാദങ്ങളിൽനിന്ന് അവർ ഒളിച്ചോടുകയായിരുന്നെന്നു പരിഹസിക്കുകയും ചെയ്തിരുന്നു.

‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’– ഫെയ്സ്ബുക്കിൽ തന്നെ കയ്യോടെ സതീനും മറുപടി നൽകി. ബാക്കി ജനം തീരുമാനിക്കട്ടെയെന്ന് പറഞ്ഞ സതീശൻ, സംവാദത്തിനു തയാറാണെന്നു പൂർണാർഥത്തിലാണോ മുഖ്യമന്ത്രി പറഞ്ഞതെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇന്നു തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സമൂഹമാധ്യമത്തിലെ സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതെന്നും അതു പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും അതു തുടരട്ടെയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നാലെയാണ് നേരിട്ടുള്ള സംവാദത്തിന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വീണ്ടും ക്ഷണിച്ചത്.

….

Share
error: Content is protected !!