മിസൈല്‍ അവശിഷ്ടം കുവൈത്തിലെ ജനവാസമേഖലയില്‍ പതിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ പതിനൊന്നുകാരി പെണ്‍കുട്ടി മരിച്ചു. മിസൈല്‍ അവശിഷ്ടം ജനവാസമേഖലയില്‍ പതിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏത് രാജ്യക്കാരിയെന്ന് പുറത്തുവിട്ടില്ല. കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്ക്. 

അതിനിടെ ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെ ഇറാന്‍റെ ആക്രമണശ്രമം. ‍ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആക്രമണം തടഞ്ഞെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ, കഴിഞ്ഞരാത്രി തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടയിര്‍ ജില്ലയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെഹ്റാന് കിഴക്ക് മിന്‍സാദെഹിയില്‍ രഹസ്യ ന്യൂക്ലിയര്‍ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലം തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവ് അടക്കം നഗരങ്ങളില്‍ ഇറാനും വ്യോമാക്രമണം തുടരുകയാണ്. 

ഇറാന്‍ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആക്രമണത്തെ നേരിടാന്‍ സജ്ജമെന്നും ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘങ്ങളിലെ പത്തുപേരെ അറസ്റ്റ് ചെയ്തെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏഴുപേര്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കും മൂന്നുപേര്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 

ബഹ്റൈനില്‍ ഇറാന്‍ ആക്രമണത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രണ്ടുപേര്‍ പിടിയിലായി. അറസ്റ്റിലായവരില്‍ ഒരാള്‍ സൈനികകേന്ദ്രങ്ങളുടെ ദൃശ്യം പകര്‍ത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ച ഒരാളും പിടിയിലായി. അതിനിടെ, പ്രതിരോധ ആവശ്യങ്ങള്‍ക്കായി മെഡിറ്ററേനിയന്‍ കടലില്‍ വിമാനവാഹിനികപ്പലും സൈപ്രസിലേക്ക് യുദ്ധക്കപ്പലും അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന അകമ്പടിയായി സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. അതേസമയം, ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുന്‍പ് തങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലിന്റെ പിടിവാശിക്ക് വഴങ്ങിയെന്ന വാദം തള്ളിയ ട്രംപ്, ഇസ്രയേലിനെ യുഎസ് ആണ് നിര്‍ബന്ധിച്ചതെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സൈനികതാവളം നിഷേധിച്ചതിനാല്‍ സ്പെയിനുമായി ഇനി വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം തുടങ്ങിയശേഷം ഇതുവരെ ഒന്‍പതിനായിരം അമേരിക്കക്കാരെ പശ്ചിമേഷ്യയില്‍ നിന്ന് മടക്കിയെത്തിച്ചെന്നും ട്രംപ് വ്യക്തമാക്കി. 

Share