ജനമനസ്സുകൾ കീഴടക്കി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് ഹംദാനും ദുബായ് മാളിൽ

ദുബായ്: തിരക്കേറിയ ദുബായ് മാളിലെ സന്ദർശകർക്ക് ഇന്നലെ(തിങ്കൾ) വൈകുന്നേരം അപ്രതീക്ഷിതവും ആവേശകരവുമായ ഒരു അനുഭവമാണ് കാത്തിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിലൂടെ സാധാരണക്കാരിലൊരാളായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടന്നു നീങ്ങുന്നത് കണ്ട് സന്ദർശകർ അമ്പരന്നു.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മേഖലയിൽ പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും, രാജ്യത്തിന്റെ സുരക്ഷയിലും സ്ഥിരതയിലുമുള്ള അചഞ്ചലമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു ഭരണാധികാരികളുടെ ഈ പരസ്യ സന്ദർശനം.

മാളിലെ റസ്റ്ററന്റുകളിലും കടകളിലും ഉണ്ടായിരുന്ന സ്വദേശികളും വിദേശികളും ഒരുപോലെ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ ആദരവോടെയും സന്തോഷത്തോടെയും വരവേറ്റു. സുരക്ഷാ സന്നാഹങ്ങളുടെ വലിയ ആവരണങ്ങളില്ലാതെ പൊതുജനങ്ങളോട് കുശലം പറഞ്ഞും കൈവീശി കാണിച്ചും നീങ്ങിയ നേതാക്കൾ മാളിലെ ഒരു റസ്റ്ററന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി.

ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള ഒരു പ്രവാസി യുവാവ് ഭരണാധികാരികളെ നേരിട്ട് കണ്ട് സംസാരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. യുവാവിനോട് വിശേഷങ്ങൾ ചോദിച്ച പ്രസിഡന്റ്, അദ്ദേഹം യുഎഇയിൽ സന്തുഷ്ടനാണോ എന്ന് സ്നേഹപൂർവ്വം അന്വേഷിക്കുകയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. ജനങ്ങൾക്ക് ആത്മവിശ്വാസവും ഐക്യവും പകരുന്നതായിരുന്നു നേതാക്കളുടെ ഈ ഹൃദയസ്പർശിയായ ഇടപെടൽ. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു. കൂടാതെ, മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും അനുഗമിച്ചു.

Share
error: Content is protected !!