‘ശരീരത്തോട് അടുപ്പിച്ച് ബലമായി ചുംബിച്ചു’: മുതിർന്ന ഡോക്ടർക്കെതിരെ യുവ വനിത ഡോക്ടറുടെ പരാതി

കൊച്ചി: ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതർന്ന ഡോക്ടറിൽനിന്ന്് നേരിട്ട അനുഭവമാണ് യുവതി ഫെയ്സ്ബുക്കിൽ കുറിച്ചത്. മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി.

നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പോലീസിന് കൈമാറും എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.
ഈ സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നു. എന്നാൽ അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു.
ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.

വനിത ഡോക്ടറുടെ ഫെയ്സ്ബുക് കുറിപ്പ്:

‘കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019  ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി. 

പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗികവൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share