വിമാനത്താവളത്തില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; പുതിയ വെളിപ്പെടുത്തലുമായി വീണ്ടും പ്രവാസി യുവാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതി പെണ്‍ സുഹൃത്തായ ഇന്‍ഷ തന്നെയെന്ന് പ്രവാസിയായ മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നേരത്തേ സംഭവത്തില്‍ ഇന്‍ഷക്ക് പങ്കില്ലെന്നു പറഞ്ഞത് ഭയന്നിട്ടാണെന്നും മുഹിയുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുവാവിൻ്റെ കാമുകിയായ ഇൻഷയുടെ നേതൃത്വത്തിലാണ് തട്ടികൊണ്ട് പോയത് എന്നായിരുന്നു ആദ്യം മുതൽ തന്നെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് യുവാവ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന്റെ സൂത്രധാരന്‍ ഡ്രൈവര്‍ രാജേഷും സംഘവുമാണെന്നായിരുന്നു പ്രവാസി യുവാവ് മുഹിയുദ്ദീൻ പറഞ്ഞിരുന്നത്. കാമുകിക്ക് ഇതില്‍ പങ്കില്ലെന്നും അയാൾ വ്യക്തമാക്കിയിരുന്നു. പണം തട്ടിയെടുത്തതിന് ശേഷം രാജേഷ് മർദിച്ചെന്നും മുഹിയുദ്ദീൻ പറഞ്ഞു. രാവിലെ പെൺസുഹൃത്തിന്‍റെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നെന്നും തന്നെ മർദിച്ചവർക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സുഹൃത്തിനെ രാജേഷും സംഘവും ഉപയോഗിക്കുവായിരുന്നുവെന്നും മുഹിയുദ്ദീൻ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

അതേ സമയം തമിഴ്‌നാട് തക്കല സ്വദേശിയായ മുഹിയുദ്ദീനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകി ഇന്‍ഷ, സഹോദരന്‍ ഷഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍ഷയാണ് ഒന്നാം പ്രതി. മുഹൈദിനും ഇന്‍ഷയും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതനുസരിച്ച് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയായിരുന്നു മുഹിയുദ്ദീൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇത് പൊലീസിനേയും വട്ടം കറക്കി.

ഒരു കോടി രൂപയാണ് രാജേഷ് കുമാര്‍ ആവശ്യപ്പെട്ടതെന്നും, തന്റെ അക്കൗണ്ടില്‍ നിന്നും സുഹൃത്തുക്കളും അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായും മുഹിയുദ്ദീൻ അരോപിച്ചു.

ഇന്‍ഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന് പോലീസ് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇന്‍ഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നായിരുന്നു മുഹൈദിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘രാജേഷ് കുമാറാണ് പ്രധാന സൂത്രധാരന്‍. തന്നെ മര്‍ദിച്ചത് ഇന്‍ഷ കണ്ടിട്ടില്ല’ എന്നും മുഹിയുദ്ദീൻ പറഞ്ഞിരുന്നു.

എന്നാൽ യുവാവിനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്നായിരുന്നായിരുന്നു തുടക്കം മുതലേ പൊലീസ് വിശദീകരണം. കേസില്‍ യുവതി ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെന്നും മുഖ്യപ്രതിയായ യുവാവിൻ്റെ കാമുകി ഇന്‍ഷ, സഹോദരന്‍ ഷെഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നുമായിരുന്നു പോലീസ് അറിയിച്ചിരുന്നത്.

സഹോദരന്‍ ഉള്‍പ്പെടെ ആറു പേരുമായി വിമാനത്താവളത്തിലെത്തിയാണ് ഇന്‍ഷ കാമുകനായ തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെ തട്ടിക്കൊണ്ടുപോയതെന്നും, രണ്ട് ദിവസത്തോളം ചിറയന്‍കീഴിലെ റിസോട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടില്‍നിന്ന് പ്രതികള്‍ 15.70 ലക്ഷം രൂപ തരപ്പെടുത്തുകയായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരിച്ചത്. പണത്തിന് പുറമേ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. രണ്ട് മുദ്രപ്പത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

എന്നാൽ ഇന്ന് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തി. പെണ് സുഹൃത്തിനെ രക്ഷപ്പെടുത്താനല്ല അങ്ങിനെ പറഞ്ഞതെന്നും, ഭയം കൊണ്ടാണെന്നും മുഹിയുദ്ദീൻ പറയുന്നു. തന്നെ കെട്ടിയിട്ട് ഉപദ്രവിച്ച രണ്ട് ദിവസവും ഇന്‍ഷ റിസോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇന്‍ഷ തന്റെ കാമുകിയല്ലെന്നും സുഹൃത്ത് മാത്രമെന്നും മുഹിയുദ്ദീന്‍ വ്യക്തമാക്കി.

കേസില്‍ ഇതുവരെ ആറ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഗ്യാങ്ങ് ലീഡര്‍ റഫീഖ് ബാവ എന്നയാളാണെന്നും, ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഹിയുദ്ദീന്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ഇരുവരും നേരത്തെ വിവാഹമോചിതരായ ശേഷമാണ് ഒന്നിച്ചുതാമസം തുടങ്ങിയത്. അടുത്തിടെ ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതോടെ യുവതിക്ക് വൈരാഗ്യമായി. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു.

വിമാനത്താവളത്തില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ്‌ 50 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചത്. സ്‌കൂട്ടറില്‍ തിരുവനന്തപുരം വിമാനത്താവള പരിസരത്തെത്തിച്ച ശേഷം ഇറക്കിവിടുകയായിരുന്നുവെന്നും പൊലീസ് ഇന്ന് പറഞ്ഞിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!