എയർഇന്ത്യ വിമാനം വീണത് 664 അടി താഴ്ചയിലേക്ക്, ‘ട്രിപ്പിൾ ഹൈഡ്രോളിക്’ തകരാർ വന്നതെങ്ങനെ?
ന്യൂഡൽഹി: അപടത്തിൽപ്പെട്ട ഫുക്കറ്റ്–ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി) പുറത്തുവിട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നു. വിമാനത്തിന്റെ ചലനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനങ്ങൾ നാല് സെക്കൻഡിന്റെ ഇടവേളയിൽ ഒന്നൊന്നായി ഓഫായത് എന്തുകൊണ്ടാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തേണ്ടതുണ്ട്.
ഓഗസ്റ്റ് 4ന്, ഒഡീഷയ്ക്കു മുകളിലായി 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനം 300 അടി താഴേക്കു പതിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യം 372 അടി ഉയര്ന്ന വിമാനം പിന്നെ 292 അടി താഴേക്കു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്. അതായത്, വിമാനം പതിച്ചത് 664 അടി താഴ്ചയിലേക്കാണ്.
ഡൽഹി–ഫുക്കറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ എയർ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. ലഹരി പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്നാണിത്. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ട് വന്ന അതേ ദിവസമാണ് പൈലറ്റിനെ പുറത്താക്കിയത്. സുരക്ഷയ്ക്കാണ് പ്രഥമ മുൻഗണനയെന്നും ഇതിലൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും കമ്പനി അറിയിച്ചു. 34 വയസ്സുള്ള ക്യാപ്റ്റന് 2020ലാണ് പൈലറ്റ് ലൈസൻസ് ലഭിച്ചത്. അപകടം നടന്ന് കൃത്യം ഒരു മാസം തികയുമ്പോഴാണ് പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പെട്ടെന്ന് താഴേക്കു പതിച്ച് നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു.
∙ ഹൈഡ്രോളിക് സംവിധാനം ഒരുമിച്ച് കേടായതെങ്ങനെ?
വിമാനത്തിനെ മുകളിലേക്കും വശത്തേക്കും നീങ്ങാൻ സഹായിക്കുന്ന ചിറകിലും വാലിലുമുള്ള പാളികളെ ചലിപ്പിക്കുന്നത് വിമാനത്തിലെ ഹൈഡ്രോളിക് ഫ്ളൂയിഡിന്റെ സമ്മർദ ബലം ഉപയോഗിച്ചാണ്. ഹൈഡ്രോളിക് ഓയിൽ നിറച്ചിട്ടുള്ള മൂന്നു ടാങ്കുകളുള്ള മൂന്നു സംവിധാനങ്ങൾ ഇതിനായുണ്ട്. ഒന്നു കേടായാൽ മറ്റൊന്ന് പ്രവർത്തിക്കണം. ഇതിനായി വ്യത്യസ്ത ഊർജ സ്രോതസ്സുകളുമുണ്ട്. ഇതാണ് ഒന്നിച്ചു തകരാറിലായത്. ഇത്തരമൊരു അവസ്ഥ മുൻകൂട്ടി പ്രതീക്ഷിക്കാത്തതിനാൽ, മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേസമയം തകരാറിലാകുന്ന സാഹചര്യം നേരിടാൻ എയർബസ് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നില്ലെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൈലറ്റ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അന്തിമ റിപ്പോർട്ടിൽ ഇതിനുള്ള ഉത്തരമുണ്ടാകാം.


