ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; കാറുമായി കൂട്ടിയിടിച്ച് 9 മരണം – ചിത്രങ്ങൾ

ഗുജറാത്തിലെ നവ്സാരി ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപതു മരണം. 28 പേർക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിർദിശയിൽനിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. നിറയെ ആളുകളുമായി എത്തിയ ബസ്, നവ്സാരി ദേശീയ പാതയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

 

ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതിൽ 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. വൽസാദ് സ്വദേശികളാണ് ബസ് യാത്രക്കാരിൽ ഏറെയും.

 

 

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയിൽനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!