ഓപ്പറേഷന്‍ താമര പരാജയം; ഡല്‍ഹിയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
ഡല്‍ഹി: ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനൊരുങ്ങി ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍. ബിജെപി നടത്തിയ രാഷ്ട്രീയ അട്ടിമറി ശ്രമം പരാജയപ്പെട്ടെന്നും ആംആദ്മി എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വോട്ടെടുപ്പെന്നു മുഖ്യമന്ത്രി കേജരിവാള്‍ വ്യക്തമാക്കി.
മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി സിസോദിയ ആരോപിച്ചിരുന്നു.
പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആംആദ്മി എംഎല്‍എമാര്‍രും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ കേജരിവാള്‍ പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക നിയമസഭാ യോഗം ചേര്‍ന്നു.
ഡല്‍ഹി നിയമസഭയിലെ 53 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ യോഗത്തില്‍ നേരിട്ടെത്തി. ബാക്കി ഒന്‍പത് പേര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ എംഎല്‍എമാരും ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ആം ആദ്മി പാര്‍ട്ടിയോട് കൂറു പുലര്‍ത്തുമെന്നും പ്രതിജ്ഞ എടുത്തതായി കേജരിവാള്‍ വ്യക്തമാക്കി.
സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്ന് പാര്‍ട്ടിവക്താക്കള്‍ പ്രതികരിച്ചിരുന്നു. 40 എംഎല്‍എമാര്‍ക്ക് 20 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 800 കോടി രൂപയാണ് ഇതിനു വേണ്ടി മാത്രം ബിജെപി ചെലവഴിക്കാനൊരുങ്ങിയതെന്നാണ് ആരോപണം.
പണത്തിന്‍റെ ഉറവിടം അറിയാന്‍ ഇഡി അന്വേഷണം നടത്തണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.