ഐ.ഐ.ടി.യിൽ പത്തോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ഡല്‍ഹി ഐ.ഐ.ടി.യില്‍ ഫാഷന്‍ഷോയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം പകര്‍ത്തിയെന്ന പരാതിയില്‍ ശുചീകരണത്തൊഴിലാളി അറസ്റ്റില്‍. ഐ.ഐ.ടി.യിലെ കരാര്‍ ജീവനക്കാരനായ ഇരുപതുകാരനെയാണ് ഡല്‍ഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാരതി കോളേജിലെ പത്ത് വിദ്യാര്‍ഥിനികളാണ് കുളിമുറി ദൃശ്യം പകര്‍ത്തിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഐ.ഐ.ടി. ഫെസ്റ്റില്‍ ഫാഷന്‍ഷോയില്‍ പങ്കെടുക്കാനായാണ് ഭാരതി കോളേജിലെ വിദ്യാര്‍ഥിനികള്‍ കാമ്പസിലെത്തിയത്. തുടര്‍ന്ന് കുളിമുറിയില്‍ വസ്ത്രം മാറുന്നതിനിടെ ഒരാള്‍ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തുന്നത് വിദ്യാര്‍ഥിനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടെ വിദ്യാര്‍ഥിനികള്‍ ബഹളംവെയ്ക്കുകയും ഐ.ഐ.ടി. അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍, പരാതി അറിയിച്ചിട്ടും ഐ.ഐ.ടി. അധികൃതര്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആരോപണം. ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഏകദേശം പത്തുമിനിറ്റോളം സമയം ശുചീകരണത്തൊഴിലാളി കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നായിരുന്നു പെണ്‍കുട്ടികളുടെ പ്രതികരണം. സംഭവത്തില്‍ ഐ.ഐ.ടി.യിലെ സുരക്ഷാവിഭാഗം മേധാവിയെ പരാതി അറിയിച്ചിട്ടും തങ്ങളോട് സ്‌റ്റേജില്‍ കയറാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സ്റ്റേജില്‍ കയറിയാല്‍ രോഷമടങ്ങുമെന്നാണ് പറഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

അതേസമയം, സംഭവത്തെ അപലപിക്കുന്നതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഐ.ഐ.ടി. അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രതിയെ പോലീസിന് കൈമാറിയതായും പ്രസ്താവനയില്‍ പറഞ്ഞു. പ്രതിയായ യുവാവ് ശുചീകരണജോലികള്‍ക്ക് കരാര്‍ നല്‍കിയ കമ്പനിയുടെ ജീവനക്കാരനാണ്. സംഭവം അതീവഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും വിഷയത്തില്‍ പോലീസുമായി പരിപൂര്‍ണമായി സഹകരിക്കുമെന്നും ഐ.ഐ.ടി. അധികൃതര്‍ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!