സൗദിയിൽ അനധികൃത താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്കും സ്‍കൂളുകളില്‍ ചേരാന്‍ അനുമതി

സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ചൊവ്വാഴ്‍ച ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നേടുന്നതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായും രേഖകളുടെ കാലാവധി കഴിഞ്ഞും സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ അഡ്‍മിഷനായി സ്‍കൂളുകളെ സമീപിക്കുമ്പോള്‍ അവര്‍ക്ക് അഡ്‍മിഷന്‍ ഫോം നല്‍കണം. ശേഷം അതാത് മേഖലയിലെ ബന്ധപ്പെട്ട ഓഫീസുകളിലെത്തി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവരോട് സ്‍കൂള്‍ അധികൃതര്‍ നിര്‍ദേശിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്‍കൂളുകളില്‍ തിരികെ സമര്‍പ്പിക്കാം. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഡ്‍മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം സ്‍കൂള്‍ അധികൃതര്‍ അഡ്‍മിഷനുള്ള നടപടികള്‍ സ്വീകരിക്കണം.

ഓരോ മാസവും ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കണമെന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രേഖകളില്ലാത്ത വിദേശികളുടെയോ അനധികൃത താമസക്കാരായ പ്രവാസികളുടെയോ മക്കള്‍ സ്‍കൂളുകളില്‍ അഡ്‍മിഷന്‍ തേടുമ്പോള്‍ കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും പാസ്‍പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍, ഇഖാമ, വിസിറ്റ് വിസ തുടങ്ങിയവയുടെ വിവരങ്ങള്‍, സ്ഥിരമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും നല്‍കണം. ഈ അക്കാദമിക വര്‍ഷം തന്നെ, തന്റെ താമസ രേഖകള്‍ ശരിയാക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് സത്യവാങ്മൂലം നല്‍കുകയും വേണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!