ജിസാനിലെ വാഹനപകടം: ഞെട്ടൽ മാറാതെ മലയാളികൾ. അപകട വിവരം പുറത്തറിയുന്നത് മണിക്കൂറുകൾക്ക് ശേഷം – വീഡിയോ

സൗദിയിലെ പ്രവാസികളെ ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു, കഴിഞ്ഞ ദിവസം ജിസാന് സമീപം ബെയ്ഷ് മസ്ലയിലുണ്ടായ  വാഹനപകടത്തിൽ രണ്ട് സഹോദരണങ്ങൾ മരണപ്പെട്ടതായ വാർത്ത. ജിദ്ദയിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി ജിസാനിലേക്ക് പോയ ഈ സഹോദരങ്ങൾ മലപ്പുറം വേങ്ങരയിലെ ചേറൂർ വെട്ടുതോട് സ്വദേശി കാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളാണ്.

 

ഞായറാഴ്ച ജിസാനിൽ വാഹനപകടത്തിൽ മരിച്ച, വേങ്ങര സ്വദേശികളായ സഹോദരങ്ങൾ, ജബ്ബാർ, റഫീക്ക്

 

44 ഉം, 41 ഉം വയസ്സുള്ള സഹോദരങ്ങളായ ജബ്ബാരും റഫീക്കും വർഷങ്ങളായി ജിദ്ദയിൽ നിന്നും പലചരക്ക് സാധനങ്ങളെടുത്ത് ജിസാനിലെ കടകളിൽ വിൽപ്പന നടത്തുന്നവരാണ്. കഠിനാധ്വാനികളായ ഈ സഹോദരങ്ങൾ അവസാനമായി സാധനങ്ങളിറക്കി കൊടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പ്രവാസികൾ പങ്കുവെക്കുന്നത്.

 

 

വിശ്വസതരാണ് ഇവരെന്ന് സ്ഥാപന ഉടമകളും പറയുന്നു. പലരും ഇവരുടെ പക്കൽ അവരുടെ കടയുടെ കൊടുത്തേൽപ്പിച്ചിട്ടുണ്ട്. സാധനങ്ങളുമായി വരുമ്പോൾ കട അടച്ച സമയമാണെങ്കിൽ, അവർക്ക് തന്നെ കട തുറന്ന് സാധനങ്ങൾ ഇറക്കാം. ഇൻവോയിസ് മേശപ്പുറത്ത് വെച്ച്, കാശുമായി പോകാൻ ഇവർക്ക് പല സ്ഥാപന ഉടമകളും അനുവാദം നൽകിയിരുന്നു. അത്രമാത്രം വിശ്വസ്തരായിരുന്നു ഈ സഹോദരങ്ങൾ.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഞായറാഴ്ച ഉച്ചക്ക് സാധനങ്ങളിറക്കാൻ ഒരു കടയിലെത്തിയപ്പോൾ കട അടച്ചിരുന്നു. പതിവുപോലെ കട തുറന്ന് അവർ സാധനങ്ങളിറക്കി. അവിടെ  നിന്നും അടുത്ത കടയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ഡയന ട്രക്ക്, മറ്റൊരു ട്രെയിലറിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ഇവരുടെ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ആരോ വിവരമറിയച്ചതനുസരിച്ച്, പൊലീസും ആംബുലൻസും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

 

എന്നാൽ മണിക്കൂറുകൾക്ക് ശേഷമാണ് ഇവരുടെ അപകട വിവരം പുറത്തറിയുന്നത്.  ആശുപത്രിയിലെ ഒരു മലയാളി നഴ്സാണ് ഇവരുടെ ഇഖാമ ഫോട്ടോ എടുത്ത് സാമൂഹിക പ്രവർത്തകരെ അറിയിച്ചത്. അങ്ങിനെയാണ് അപകട വിവരം പുറത്തറിയുന്നത്. ജിദ്ദയിലേയും ജിസാനിലേയും മലയാളികൾക്കിടയിൽ ഏറെ സുപരിചിതരായ ഇവരുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്.

വിവരമറിഞ്ഞ ഉടൻ തന്നെ ഇവരുടെ ചില ബന്ധുക്കൾ ജിസാനിലേക്ക് പുറപ്പെട്ടു. കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ഏകദേശം 10 മാസങ്ങൾക്ക് മുമ്പാണ് ഇരുവരും അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഇവരിൽ ഒരാളുടെ ഭാര്യ ഗർഭിണിയാണ്. ഇവരുടെ മറ്റു രണ്ട് സഹോദരങ്ങൾ ഇപ്പോൾ അവധിക്ക് നാട്ടിലേക്ക് പോയിരിക്കുകയാണ്.  ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇന്നോ നാളെയോ സൌദിയിൽ തന്നെ മറവ് ചെയ്യാനായേക്കുമെന്ന് സാമുഹിക പ്രവർത്തകർ പറഞ്ഞു.

 

 

തിങ്കഴാഴ്ച ജിസാനിൽ മറ്റൊരു അപകടത്തിൽ മരിച്ച താനൂർ സ്വദേശി ഷെറിൻ ബാബു

 

സഹോദരങ്ങളുടെ അപകട മരണം കേട്ട് ഞെട്ടൽ മാറുന്നതിന് മുമ്പാണ് ജിസാനിൽ തന്നെ മറ്റൊരു മലായാളി കൂടി വാഹനപകടത്തിൽ മരണപ്പെട്ടതായി വാർത്ത പ്രചരിച്ചത്. ഇതോടെ സൌദിയിലെ മലയാളി സമൂഹം ആകെ ദുഃഖത്തിലാഴ്ന്നു.

മലപ്പുറം താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിൻ്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ച മൂന്നാമത്തെയാൾ. തിങ്കളാഴ്ച ഖമീസ് മുഷൈത്തിൽ നിന്ന് ബിഷയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചിരുന്ന വിജയൻ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങി വിസയും ജോലിയും നഷ്ടപ്പെട്ട ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുശൈത്തിൽ തിരിച്ചെത്തിയത്. ഷെറിൻ ബാബുവിൻ്റെ പിതാവ് ഷുക്കൂറും നേരത്തെ ഖമീസ് മുഷൈത്തിൽ ജോലി ചെയ്തിരുന്നു.

പ്രവാസികൾക്കിടയിൽ അധികരിച്ച് വരുന്ന ഹൃദയാഘാതം മൂലം ഓരോ മണിക്കൂറിലെന്നപ്പോലെയാണ് മരണ വാർത്തകൾ പുറത്ത് വരുന്നത്. അതിനിടയിലാണ് ഇത്തരം അപകട മരണങ്ങളും വന്നെത്തുന്നത്.  ഹൃദയാഘാതം മൂലമുള്ള മരണം ഇപ്പോൾ പ്രവാസികൾക്കിടയിൽ സർവ്വ സാധാരണമായിരിക്കുന്നു. മരിക്കുന്നവരിലേറെയും ചെറു പ്രായക്കാരും. ശക്തമായ ബോധവൽക്കരണവും മാനസിക സമ്മർദ്ധം കുറക്കുന്നതിനുള്ള വർക്ക് ഷോപ്പുകളും നടത്തി പ്രവാസികളുടെ ശാരീരകവും മാനിസകവുമായ ആരോഗ്യത്തെ തിരിച്ചു കൊണ്ടുവരുവാൻ പ്രവാസി സംഘടനകൾ രംഗത്തിറങ്ങേണ്ട സാഹചര്യങ്ങൾ അധിക്രമിച്ചിരിക്കുന്നു എന്നാണ് വർധിച്ച് വരുന്ന മരണങ്ങൾ ബോധ്യപ്പെടുത്തതുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!