കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനികൾ

സൌദിയിൽ നിന്നും ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ്  ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബജറ്റ് വിമാന കമ്പനികൾ. സൌദി ബജറ്റ് കമ്പനിയായ ഫ്ളൈ നാസ് കരിപ്പൂരിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ് ദിവസമാക്കി വർധിപ്പിച്ചു. ഒക്ടോബർ 1 മുതലാണ് വിപൂലീകരിച്ച സർവീസ് ഫ്ളൈ നാസ് ആരംഭിക്കുക. ബുധൻ ഒഴികെയുള്ള എല്ലാ ദിവസവും സൌദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഫ്ളൈനാസ് കരിപ്പൂരിലേക്ക് സർവീസ് നടത്തും.

റിയാദ്-കോഴിക്കോട് സെക്ടറിലാണ് ഫ്ളൈനാസ് സർവീസ്. നിലവിൽ ആഴ്ചയിൽ നാല് ദിവസമുള്ള സർവീസ് 6 ദിവസമായി ഉയർത്തും. ജിദ്ദ, അബഹ, നജ്റാൻ, ജിസാൻ, ദമ്മാം, തബൂക്ക് തുടങ്ങിയ നഗരങ്ങളിലേക്കും ഫ്ളൈനാസ് കണക്ഷൻ സർവീസുകൾ നൽകും.

റിയാദിൽ നിന്ന് അർധരാത്രി 12.05 ന് പുറപ്പെടുന്ന വിമാനം രാവിലെ 07:30 നാണ് കരിപ്പൂരിൽ ഇറങ്ങുക. തിരിച്ച് കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. മൂന്ന് തരം കാറ്റഗറികളിലായാണ് ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ  20 കിലോ ലഗ്ഗേജിനോടൊപ്പം 7 കിലോ ഹാൻഡ് ബാഗും അനുവദിക്കും. തൊട്ടടുത്ത കാറ്റഗറിയിൽ 30 കിലോ ലഗ്ഗേജിനൊപ്പം 7 കിലോ ഹാൻഡ് ബാഗും, ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജിനൊപ്പം, ഏഴു കിലോ ഹാൻഡ് ബാഗും അനുവദിക്കുന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ.

ഒമാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഫുജൈറയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് സര്‍വീസ്. കഴിഞ്ഞ മാസം ഫുജൈറയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സലാം എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു. കേരളത്തിന് പുറമെ ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കും സലാം എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകിട്ട് 7.50നും ആണ് സര്‍വീസ് ഉണ്ടാകുക. അന്നേ ദിവസം വൈകിട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരത്തേക്ക് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിനും വൈകിട്ട് 8.15നുമാണ് സര്‍വീസ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!