മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പേർക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് ആറു മാസം വീതം തടവും ആകെ 14,600 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സംഭവം ഉണ്ടായത്. മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നെന്ന് ഇരയായ വ്യക്തി കോടതിയില്‍ പറഞ്ഞു.
നിലത്തുവീഴുന്നതു വരെ പ്രതികള്‍ ശരീരത്തില്‍ ചവിട്ടിയതായും തുടര്‍ന്ന് കൈവശമുണ്ടായിരുന്ന 14,600 ദിര്‍ഹവും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുകയായിരുന്നെന്നും ഇയാള്‍ വ്യക്തമാക്കി.
പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം കണ്ടെത്തുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക