പിതാവ് ജോലിയുമായി ബന്ധപ്പെട്ട ഫോൺകോളിൽ മുഴുകി, കാറിൽ നിന്ന് കൊച്ചു കുട്ടിയെ ഇറക്കാൻ മറന്നു. കുട്ടി ശ്വാസം മുട്ടി മരിച്ചു

ജോലിയുമായി ബന്ധപ്പെട്ട ഫോൺകോളിൽ മുഴുകിയതിന്റെ ഫലമായി ഒരു കുട്ടി ശ്വാസംമുട്ടി മരിച്ചു. അബൂദാബിയിലാണ്  സംഭവം. അബുദാബി പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റിലെ ക്യാപ്റ്റൻ എഞ്ചിനീയർ മുഹമ്മദ് ഹമദ് അൽ-ഇസൈ സംഭവത്തെ കുറിച്ച് ഇപ്രകാരം വിശദീകരിച്ചു.

പിതാവ് കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട ഫോൺ കോൾ വന്നു. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ പിതാവ് വാഹനത്തിൽ നിന്ന് ഇറങ്ങി പോയി. വാഹനം നിറുത്തി വീടുവരെ അയാൾ എത്തി. എന്നാൽ ഫോണിൽ സംസാരിക്കുന്ന തിരക്കിനിടയിൽ ഇദ്ദേഹം വാഹനത്തിൽ നിന്നും തൻ്റെ ഇളയ കുട്ടിയെ ഇറക്കാൻ മറന്ന് പോയിരുന്നു. കുട്ടിയെ ഇറക്കാൻ മറന്ന് കൊണ്ട് പിതാവ് കാർ ലോക്ക് ചെയ്തു. അസാധാരണമായ താപനിലയായിരുന്നു അന്ന് പകൽ സമയങ്ങളിൽ.

അൽപ സമയം വീട്ടിൽ ചെലവിഴിച്ച ശേഷമാണ് അദ്ദേഹത്തിന് തൻ്റെ കുഞ്ഞിനെ ഓർമ്മവന്നത്. ഉടൻ തന്നെ അയാൾ വാഹനത്തിനടുത്തേക്ക് ഓടി. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുന്നത് വളരെ അപകടകരമായ കാര്യമാണ്, അത് അവരുടെ ശാരീരിക സുരക്ഷയെയോ അവരുടെ ജീവിതത്തെയോ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ച് വേനൽകാലങ്ങളിൽ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ. എല്ലാവരും ഇത്തരം സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മുഹമ്മദ് ഹമദ് അൽ-ഇസൈ പറഞ്ഞു.

രക്ഷിതാവില്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തിൽ ഇരുത്തുന്നതിൻ്റെ അപകടസാധ്യതകൾ നിരവധിയാണ്. ചില സന്ദർഭങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്തിട്ട്, എ.സി ഓണ് ചെയ്ത ശേഷം പലരും കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തി പുറത്ത് പോകാറുണ്ട്. ഈ സമയത്ത് കുട്ടികൾ വാഹനത്തിൽ കളിക്കുന്നതിനിടെ വാഹനം നീങ്ങുവാനും വൻ ട്രാഫിക് അപകടങ്ങൾക്കും സാധ്യതയേറെയാണ്. അതിനാൽ ഒരു സാഹചര്യത്തിലും കുട്ടികളെ വാഹനത്തിൽ ഒറ്റക്കിരുത്തരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!