സൗദിക്ക് പുറത്തുള്ളവരുടെ റീ-എൻട്രി വിസയും ഇഖാമയും പുതുക്കുവാനുള്ള ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കും

സൗദി അറേബ്യയിൽ നിന്നും റീ എൻട്രി വിസയിൽ പുറത്ത് പോയ ശേഷം, റീ എൻട്രി കാലാവധി നീട്ടുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കും. രാജ്യത്തിന് പുറത്ത് കഴിയവെ ഇഖാമ പുതുക്കതിനുള്ള ഫീസും ഇരട്ടിയാക്കും. ഇത് സംബന്ധിച്ച് നിലവിലുള്ള രാജകീയ ഉത്തരവ് ഭേദഗതി ചെയ്യാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയതായി സൗദിയിലെ ഒരു പ്രാദേശിക അറബ് മാധ്യമം റിപ്പോർട്ട് ചെയ്തു.

നിലവിലെ രീതിയനുസരിച്ച് സൗദിയിൽ ഇഖാമയുള്ള വിദേശിക്ക് രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വരാൻ റീ എൻട്രി വിസ നിർബന്ധമാണ്. ഇതിന് ആദ്യത്തെ രണ്ട് മാസത്തേക്ക് 200 റിയാലും, അധികമായി വരുന്ന ഓരോ മാസത്തിനും നൂറ് റിയാൽ വീതവുമാണ് ഫീസ് ഈടാക്കുന്നത്. വിദേശി സൌദിയിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തന്നെ അധികമായി വരുന്ന മാസത്തേക്കുള്ള ഫീസ് അടക്കുമ്പോഴാണ് ഓരോ മാസത്തിനും 100 റിയാൽ വീതം ഈടാക്കുക. നിലവിൽ രാജ്യത്തിന് പുറത്ത് നിന്ന് അധിക മാസത്തേക്ക് റീ എൻട്രി കാലാവധി ദീർഘിപ്പിക്കുമ്പോഴും ഓരോ മാസത്തിനും 100 റിയാൽ വീതം അടച്ചാൽമതി.

എന്നാൽ പുതിയ ഭേദഗതി വരുന്നതോടെ രാജ്യത്തിന് പുറത്ത് പോയശേഷം റീ എൻട്രി കാലാവധി ദീർഘിപ്പിക്കുന്നവർക്ക് ഓരോ മാസത്തിനും 100 റിയാലിന് പകരം 200 റിയാൽ അടക്കേണ്ടി വരും.

നിലവിൽ മൾട്ടിപ്പിൾ റീഎൻട്രി വിസക്ക് മൂന്ന്​ മാസത്തേക്ക്​ 500 റിയാലും ഒരോ അധിക മാസത്തിന്​ 200 റിയാലുമാണ്​ ഫീസ്​ അടക്കേണ്ടത്. പുതിയ ഭേദഗതിപ്രകാരം വിദേശി സൌദിക്ക് പുറത്ത് പോയശേഷം റീ എൻട്രി കാലാവധി ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും നിലവിലുള്ളതിൻ്റെ  ഇരട്ടിയായി 400 റിയാൽ വീതം അടക്കേണ്ടിവരും.

റീ എൻട്രി കാലാവധി ദീർഘിപ്പിക്കാൻ ഇഖാമയിൽ കാലാവധിയുള്ളതായിരിക്കണമെന്നാണ് ചട്ടം. സൌദിക്ക് പുറത്തായിരിക്കെ വിദേശികളുടെ ഇഖാമ കാലാവധി ദീർഘിപ്പിക്കുന്നതിനും ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു.

ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും പുതിയ ഭേദഗതി ബാധകമാണ്. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഇലക്ട്രോണിക് പോർട്ടൽ ആയ അബ്ഷർ വഴി ഇഖാമ പുതുക്കാവുന്നതാണ്.
Share
error: Content is protected !!