ഉച്ചത്തില്‍ സംസാരിച്ചാല്‍ സൌദിയില്‍ പിഴ ലഭിക്കും
റിയാദ്: പൊതുസ്ഥലത്ത് മറ്റുള്ളവരുടെ വികാരം കണക്കിലെടുക്കാതെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് പബ്ലിക് ടേസ്റ്റ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് സൌദി പബ്ലിക് ടേസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അൽ അബ്ദുൽകരീം പറഞ്ഞു. നിയാലംഘനത്തിന് 5000 റിയാല്‍ വരെ പിഴ ചുമത്തും. ആദ്യഘട്ടത്തില്‍ നൂറു റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് പിഴയും കൂടും.
ഇതുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളും നിയമലംഘനങ്ങളും അടങ്ങിയ നിയമ ഭേദഗതിക്ക് നേരത്തെ സൌദി മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. ശൂറാ കൌണ്സില്‍ ഉള്‍പ്പെടെ പല വേദികളിലും അംഗീകാരം ലഭിച്ച ശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റവുമായി ബന്ധപ്പെട്ട നിയമം 2020 സെപ്തംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്. അനുമതി ഇല്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുക, മുതിര്‍ന്നവര്‍ക്കായി നീക്കി വെച്ച സീറ്റുകളില്‍ ഇരിക്കുക, സ്ത്രീകള്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ പുരുഷന്മാര്‍ പോകുക, സമീപത്തുള്ളവര്‍ക്ക് പ്രയാസമാകും വിധം ഉച്ചത്തില്‍ മ്യൂസിക് പ്ലേ ചെയ്യുക തുടങ്ങിയവ ഉള്‍പ്പെടെ 19 നിയമലംഘനങ്ങള്‍ ആണ് ഉള്ളത്. പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിക്കാതിരിക്കുന്നതും, മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതും, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും അനുമതി ഇല്ലാതെ എഴുതുന്നതും വരയ്ക്കുന്നതും, സഭ്യമല്ലാത്ത സംസാരങ്ങളും, എഴുത്തുകളും ചിത്രങ്ങളുമെല്ലാം നിയമലംഘനമാണ്. സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെങ്കിലും മാന്യമായ വസ്ത്രം വേണമെന്നു നിയമം പറയുന്നു. രാജ്യത്തിന്‍റെയും മതത്തിന്‍റെയും സംസ്കാരവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ എല്ലാ പൌരന്മാരും ബാധ്യസ്ഥരാണ്.