‘ഞങ്ങളുടെ പ്രതീക്ഷയാണ് ഈ വെളുത്ത തുണിയിൽ പൊതിഞ്ഞ് ഇങ്ങനെ കിടക്കുന്നത്. വീട്ടിൽ ഒരു ശുചിമുറി ഉണ്ടായിരുന്നെങ്കിൽ അവൾ കുറ്റിക്കാട്ടിൽ ക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു’

‘12 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. അച്‌ഛനെ അവൾക്കു ജീവനായിരുന്നു. മൂന്ന് മാസം മുൻപാണ് അസുഖ ബാധിതനായി അച്ഛൻ മരിച്ചത്. എന്നും അച്ഛനെ ഓർത്ത് അവൾ കരയും. അച്ഛന്റെ പൊന്നുമോളായിരുന്നു അവൾ. മക്കളെ കുറിച്ച് എന്നും പിതാവ് അഭിമാനിച്ചിരുന്നു. ഞങ്ങളുടെ പ്രതീക്ഷയാണ് ഈ വെളുത്ത തുണിയിൽ പൊതിഞ്ഞ് ഇങ്ങനെ കിടക്കുന്നത്, എനിക്കും എന്റെ മകൾക്കും നീതി വേണം’– ഹരിയാനയിലെ ഫരീദാബാദിൽ വ്യാഴാഴ്‌ച രാത്രി ക്രൂര  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ഹൃദയംപൊട്ടി പറയുന്നു.

ഞങ്ങളുടെ വീട്ടിലോ ചേരിയിലോ ഒരു ശുചിമുറി ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരി ഇങ്ങനെ അതിക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു– അമ്മയ്ക്കരുകിൽ കണ്ണീരോടെ ഇരുന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. ബിഹാറിലെ അർറാ ജില്ലയിൽനിന്ന് ഉപജീവനമാർഗം തേടി ഹരിയാനയിൽ എത്തിപ്പെട്ടതായിരുന്നു പെൺകുട്ടിയുടെ കുടുംബം. റെയിൽവേ ട്രാക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. വ്യാഴാഴ്‌ച രാത്രി പ്രാഥമികാവശ്യങ്ങൾക്കായി റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്രദേശത്തേക്കു പോയതായിരുന്നു പെൺകുട്ടി. പിന്നെ മടങ്ങിയെത്തിയില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പെൺകുട്ടി കൊല്ലപ്പെട്ട സമയം പെൺകുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി ഡൽഹിയിൽ സഹോദരന്റെ അടുത്തായിരുന്നു അവർ. ആ കോളനിയിൽതന്നെ വിവാഹം കഴിച്ചു താമസിക്കുന്ന മൂത്തമകളുടെ അടുത്ത്, പതിനേഴും പന്ത്രണ്ടും വയസ്സ് പ്രായമായ പെൺമക്കളെ ഏൽപ്പിച്ചാണ് അവർ പോയത്. അഞ്ച് വയസ്സുള്ള ഇളയ കുഞ്ഞിനെ അവർ കൂടെ കൂട്ടി.

ഇടിഞ്ഞു വീഴാറായ കോളനിയിലെ ഒറ്റമുറി കെട്ടിടത്തിൽ വാടകയ്ക്കാണ് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ആ കോളനിയിൽ ശുചിമുറികൾ വളരെ ചുരുക്കമായി ഉണ്ടെങ്കിലും ഉപയോഗിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളെ കെട്ടിടഉടമകൾ സമ്മതിച്ചിരുന്നില്ല. നൂറോളം കുടുംബങ്ങൾക്കായി ഒരു പൊതു ശൗചാലയം ഉണ്ടായിരുന്നു. അത് ജൻമി എറെ നാളായി പൂട്ടിയിട്ടിരിക്കുകയാണ്. രാവിലെ പുരുഷൻമാർ മാത്രമാണ് പൊതുയിടങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചിരുന്നത്.

പെൺകുട്ടികളെയും സ്ത്രീകളെയും രാത്രി മാത്രമേ റെയിൽവേ ട്രാക്കിനോടുള്ള ചേർന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലും പറമ്പുകളിലും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ അനുവദിച്ചിരുന്നുള്ളൂ, ഞങ്ങളുടെ വിധിയാണിത്– കരഞ്ഞുകൊണ്ട് പെൺകുട്ടിയുടെ സഹോദരി പറയുന്നു. പലതവണ പൊതു ശൗചാലയത്തിനു വേണ്ടി അധികൃതരെ സമീപിച്ചുവെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.

വ്യാഴാഴ്‌ച രാത്രി ഒൻപതിന് സഹോദരിയുടെ വീട്ടിൽനിന്ന് അത്താഴവും കഴിച്ച് വീട്ടിലേക്കു മടങ്ങിയതായിരുന്നു പെൺകുട്ടി. മൂത്ത സഹോദരിയും കൂട്ടുകാരിയും അപ്പോൾ കൂടെയുണ്ടായിരുന്നു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ പ്രാഥമികാവശ്യത്തിനായി പോയ കുട്ടിയെ കാത്ത് ഞാനും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും റെയിൽവ ക്രോസിനു എതിർവശത്തായി നിൽക്കുകയായിരുന്നു. പൊടുന്നനെ എത്തിയ ഒരു ഗു‌ഡ്‌സ് ട്രെയിൻ 25 ഓളം മിനിറ്റോളം അവിടെ നിർത്തിയിട്ടു. അരമണിക്കൂർ കഴിഞ്ഞിട്ടും അവൾ മടങ്ങി വരാത്തതിനെ തുടർന്ന് ഞങ്ങൾ അലറി വിളിച്ചു– പെൺകുട്ടിയുടെ സഹോദരി വിശദീകരിച്ചു.

അവൾ ഊടുവഴിയിലുടെ ചേരിയിലെ കോളനിയിലുള്ള ഞങ്ങളുടെ വീട്ടിൽ എത്തിക്കാണുമെന്നു കൂടെയുണ്ടായിരുന്ന പെൺകുട്ടി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവളുടെ കയ്യിൽ 25 രൂപയുണ്ട് അതുമായി കടയിൽ പോയതായിരിക്കുമെന്നും അവൾ പറഞ്ഞു. എന്നാൽ എന്റെ അനുജത്തി അപകടത്തിൽപെട്ടതാണെന്ന് മനസ്സ് പറഞ്ഞു.  ഞാൻ തിരികെയെത്തിയപ്പോഴാണ് ദാരുണ വാർത്തയറിയുന്നത്. ട്രാക്കിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നതായി വഴിപോക്കർ പറഞ്ഞതനുസരിച്ചാണ് അവിടെ ചെന്നു നോക്കിയത്.

പോയി നോക്കിയപ്പോൾ ഹൃദയം തകർന്നുപോയി– പെൺകുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഏറെ വൈകി പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ പറമ്പിലും സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾ‌ക്കു പോകുന്നത് എത്രമാത്രം സുരക്ഷിതമാണെന്നു ഓർത്തു നോക്കൂ. ഇനി ഒരു കുഞ്ഞിനും എന്റെ കുഞ്ഞിന്റെ ഗതി വരരുത്. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വധശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ട്രാക്കിനോട് ചേർന്നു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും പ്രദേശത്ത് പതിവായി തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരെയും പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തു. പെൺകുട്ടി ട്രാക്കിനു സമീപത്തേക്കു നടന്നു വരുന്നത് കണ്ട അക്രമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതിനു ശേഷം കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.

സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ആരും തന്നെ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിരുന്നില്ല. ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊന്നതെന്നു പൊലീസ് പറയുന്നു. റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന 50 ഓളം ആളുകളെ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ, രണ്ടുപേർ വ്യാഴാ‍ഴ്ച രാത്രി റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്കു നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചുവെന്നും ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നിലവിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!