ചികിത്സക്കായി ഇന്ത്യയിലെത്തിയ ഒമാനി കുടുംബത്തെ പൊലീസ് ചമഞ്ഞെത്തിയവർ കൊള്ളയടിച്ചു. അറബിയിൽ സംസാരിച്ച കൊള്ള സംഘത്തിൽ സ്ത്രീയും
ചികിത്സക്കായി മുംബൈയിലെത്തിയ ഒമാനി കുടുംബത്തെ പൊലീസ് ചമഞ്ഞെത്തിയ നാൽവർ സംഘം കൊള്ളയടിച്ചു. 1.56 ലക്ഷം രൂപ വിലവരുന്ന ഒമാനി, യു.എ.ഇ കറൻസികളും ഐ.ഡി കാർഡ്, ചികിത്സ രേഖകൾ ഉൾപ്പെടെ വിലപ്പെട്ട രേഖകളും കവർന്നു. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒമാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ 41കാരനായ അബ്ദുല്ല അഹമ്മദ് അൽ ബലൂഷി ആഗസ്റ്റ് 10നാണ് ഇന്ത്യയിലേക്ക് വന്നത്. അബ്ദുല്ലയുടെ പ്രായമായ മാതാപിതാക്കൾക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ നിരവധി അസുഖങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ വൈദ്യചികിത്സ ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായതിനാലാണ് ഞങ്ങൾ ഇവിടെയെത്തിയതെന്ന് അബ്ദുല്ല പറഞ്ഞു. മുംബൈ കൊളാബയിലെ ഹോട്ടലിലാണ് കുടുംബം താമസിച്ചിരുന്നത്. അബ്ദുല്ലയുടെ സഹോദരനും മരുമകനും ഓഗസ്റ്റ് 7ന് ഈ ഹോട്ടലിൽ എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30ഓടെ അബ്ദുല്ലയും ഭാര്യയും സഹോദരനും മരുമകനും കൂടി ഹോട്ടലിന് പുറത്തേക്കിറങ്ങി. ഏതാനും മരുന്നുകൾ വാങ്ങാനും അൽപസമയം പുറത്ത് ചിലവഴിക്കാനുമായിട്ടായിരുന്നു ഇവർ പുറത്തിറങ്ങിയത്. സ്ട്രാൻഡ് സിനിമാ ഹാളിനു സമീപം മരുന്നുകൾ വാങ്ങി ഹോട്ടലിലേക്ക് മടങ്ങുമ്പോൾ അവരുടെ അരികിൽ ഒരു വെള്ള സ്വിഫ്റ്റ് ഡിസയർ നിർത്തി. കാറിൽ നാല് പേർ ഉണ്ടായിരുന്നു – മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും.
പുറത്തിറങ്ങിയ നാൽവർസംഘം, ഏതുഭാഷയിൽ സംസാരിക്കാനാണ് സൗകര്യമെന്ന് ഇവരോട് ഹിന്ദിയിൽ ചോദിച്ചു. അറബിയിലാണെന്ന് മറുപടി നൽകി. ഇതോടെ സംഘത്തിലെ ഒരാൾ അറബിയിൽ സംസാരിച്ചു തുടങ്ങി. തങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ബാഗിൽ ഹാഷിഷ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് വന്നതെന്നും പറഞ്ഞു. കൈവശമുള്ള ബാഗുകൾ പരിശോധനക്ക് നൽകാനും ആവശ്യപ്പെട്ടു.
കുടുംബം ഞെട്ടിനിൽക്കവേ, അബ്ദുല്ലയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിക്കാനെന്ന വ്യാജേന കൈക്കലാക്കിയ സംഘം പെട്ടെന്ന് കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. സംഘത്തിലൊരാളുടെ ഷർട്ടിൽ പിടിച്ച് നിർത്താൻ അബ്ദുല്ല ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു. കൊളാബ മാർക്കറ്റ് ഭാഗത്തേക്ക് സംഘം കാർ ഓടിച്ചുപോവുകയായിരുന്നു.
അബ്ദുല്ല തന്റെ ട്രാവൽ ഏജൻസി ഡ്രൈവർ ആശിഷ് സിങ്ങിനെ വിളിക്കുകയും അദ്ദേഹത്തോടൊപ്പം കൊളാബ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.
അബ്ദുല്ലയുടെ മരുമകൻ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്ന ചിത്രം ഇതിനിടെ തന്റെ ഫോണിൽ പകർത്തിയിരുന്നു. പരിശോധനയിൽ ഇതൊരു സ്വകാര്യ കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത കാറാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. അജ്ഞാതരായ നാലുപേർക്കെതിരെ തട്ടിപ്പറിക്കൽ, വേഷംമാറി കുറ്റകൃത്യം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
കാറിന്റെ ആർടിഒ രജിസ്ട്രേഷന്റെ വിശദാംശങ്ങൾ പോലീസ് ശേഖരിക്കുകയും പ്രദേശത്തെ ഏതെങ്കിലും സിസിടിവി ക്യാമറകളിൽ ഇവരുടെ നീക്കങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നതായും പൊലീസ് വ്യക്തമാക്കി.
1.34 ലക്ഷം രൂപ മൂല്യമുള്ള ഒമാനി റിയാൽ, 22,200 രൂപ മൂല്യമുള്ള യു.എ.ഇ ദിർഹം എന്നിവ ബാഗിലുണ്ടായിരുന്നു. ഇതുകൂടാതെ കുടുംബത്തിന്റെ ഒമാനിലെ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എ.ടി.എം കാർഡ്, രക്ഷിതാക്കളുടെ ചികിത്സാ രേഖകൾ തുടങ്ങിയവയും ഉണ്ടായിരുന്നു. ഇവയിൽ പലതും അക്രമിസംഘം റോഡിൽ ഉപേക്ഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക