ബാഗേജില്‍ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, പിന്നെ കുരങ്ങും ആമയും; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ

ശനിയാഴ്ച ബാങ്കോക്കില്‍നിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍വേയ്സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടുങ്ങി. പാഴ്സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജില്‍നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.

അടുത്ത പെട്ടി തുറന്നപ്പോള്‍ കണ്ടത് ചില്ലറക്കാരെയല്ല. 15 രാജവെമ്പാലകള്‍! മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകള്‍. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

 

സംഭവത്തിൽ യാത്രക്കാരനായ രാമനാഥപുരം സ്വദേശി മുഹമ്മദ് ഷാഹിയെൽ (21) എന്നയാളെ കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ പാഴ്സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.

ഷാഹിയേൽ ഒരാഴ്ച മുമ്പാണ് ചെന്നൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോയത്. അവിടെ ടൂറിസ്റ്റ് വിസയിൽ താമസിച്ച് മൃഗങ്ങളെ കടത്തിയതായി കണ്ടെത്തി. ബാങ്കോക്കിൽ നിന്ന് മടങ്ങുമ്പോൾ. മൃഗങ്ങളെ ഇന്ത്യയിലെത്തിക്കാനുള്ള ക്വാറന്റൈൻ സർട്ടിഫിക്കറ്റും രേഖകളും ഷഹീലിന് ഇല്ലാതിരുന്നതിനാൽ, മൃഗങ്ങളെ ബാങ്കോക്കിലേക്ക് തിരിച്ചയക്കാൻ അധികൃതർ തീരുമാനിക്കുകയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

2019 ലും ബാങ്കോക്കിൽ നിന്നെത്തിയ 28 കാരൻ്റെ ബാഗേജിൽ നിന്നും ചെന്നൈ എയർപോർട്ട് കസ്റ്റംസ് സമാനമായ രീതിയിൽ കടത്താൻ ശ്രമിച്ച വന്യജീവികളെ പിടികൂടിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!