സൗദിയിലേക്ക് വരൂ…ടിക്കറ്റ് നിരക്കിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ്‌

സൌദി ദേശീയ വിമാന കമ്പനിയായ സൌദിയ എയർലൈൻസ് ടിക്കറ്റുകൾക്ക് 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും സൌദിയിലെയും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് മാത്രമാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക.

സെപ്റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. ഇളവ് ലഭിക്കാൻ ഈ മാസം 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.

സൗദി ടൂറിസം അതോറിറ്റി മേൽനോട്ടം വഹിക്കുന്ന സൗദി സമ്മർ പ്രോഗ്രാം, അൽഉലയിലെ വിവിധ വിനോദ, സാംസ്‌കാരിക പരിപാടികൾ, സൗദി ദേശീയദിനം തുടങ്ങി രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ നടക്കുന്ന സാംസ്‌കാരിക, വിനോദ, ടൂറിസം പരിപാടികളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചത്.

സൌദിക്കകത്ത് നിന്നും, ലോകത്തിൻ്റെ മറ്റുഭാഗങ്ങളിൽ നിന്നും സൌദിയ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം നേടാനാകും.  സൗദിയ എയർലൈൻസിൻ്റെ വെബ്‌സൈറ്റ് വഴിയും ആപ്പുകൾ വഴിയും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് സൌദിയ എയർലൈൻസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share