ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി റിജേഷ് (35)  നെയും, ഒമാനിൽ നിന്നെത്തിയ ശേഷം കാണാതായെ തൃശൂര്‍ സ്വദേശി ഹഫ്സലിനെയുമാണ് കണ്ടെത്തിയത്.

നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ്, സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവിൽ പോയതാണെന്ന് പറഞ്ഞു. റിജേഷിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടു പോയതാണെന്ന് പരാതി ഉയർന്നിരുന്നു.

ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുൻപാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്.

ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

അതേ സമയം തൃശൂര്‍ സ്വദേശിയായ ഹഫ്സലും മറ്റു പതിമൂന്ന് പേരും തലശേരിയില്‍ പൊലീസ് പിടിയിലായതാണ്. ഇവര്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളാണെന്ന് സംശയിക്കുന്നതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഗള്‍ഫില്‍നിന്ന് വന്ന ഹഫ്സലിനെ കാണാതായെന്ന് മാതാവ് പരാതി നല്‍കിയിരുന്നു.

തന്നെ ആരും തട്ടിക്കൊണ്ടുപോയില്ലെന്നും ആഘോഷത്തിന്റെ ഭാഗമായാണ് തലശേരിയിൽ എത്തിയതെന്നും ഹഫ്സൽ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹഫ്സൽ ഒമാനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. അതിനുശേഷം ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനുള്ളതിനാൽ ഒരു മാസത്തിനു ശേഷമേ വീട്ടിലേക്ക് വരൂയെന്ന് ഉമ്മയെ വിളിച്ച് പറഞ്ഞു. തുടർന്നാണ് മകനെ കാണാനില്ലെന്ന് ഉമ്മ നെടുമ്പാശേരി പൊലീസിന് പരാതി നൽകിയത്.

ഹഫ്സൽ സ്വർണം കടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തലശേരി പൊലീസിന്റെ സഹായത്തോടെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്. എന്നാൽ ഇവരിൽ നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. പ്രതികളെ നെടുമ്പാശേരിയിൽ എത്തിച്ച് ചോദ്യം ചെയ്യും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!