8 വര്‍ഷമായി ഭർത്താവിൻ്റെ ക്രൂര പീഡനം; യുഎസിൽ ഇന്ത്യൻ യുവതി ജീവനൊടുക്കി – വീഡിയോ

ന്യൂയോർക്ക്∙ 8 വര്‍ഷമായി ക്രൂരമായ പീഡനം  ഇന്ത്യൻ യുവതി യുഎസിൽ ആത്മ‌ഹത്യ ചെയ്‌തു. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ മന്ദീപ് കൗര്‍ (30) ആണ് ആത്മ‌ഹത്യ ചെയ്‌തത്.  ഓഗസ്റ്റ്‌ മൂന്നിനാണ് യുവതിയെ ന്യൂയോർക്കിലെ റിച്മണ്ടിലുള്ള വസതിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിനു മുൻപ് ഇൻസ്റ്റ‍ഗ്രാമിൽ മന്ദീപ് കൗര്‍ 8 വര്‍ഷമായി ക്രൂരമായ ഗാര്‍ഹിക പീഡനം നേരിടുകയാണെന്നും ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാൻ കഴിയാത്തതിനാലാണു കഠിനമായ തീരുമാനം എടുക്കുന്നതെന്നും പറഞ്ഞു അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ  ഇട്ടിരുന്നു. മന്ദീപിനെ രഞ്‌ജോദ്ബീര്‍ സിങ് സന്ധു അതിക്രൂരമായി മർദിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തന്റെ മരണത്തിനു സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികളാണെന്നു മന്ദീപ് കൗർ വിഡിയോയിൽ ആരോപിക്കുന്നു. ട്രക്ക് ഡ്രൈവറായ സന്ധുവും ബിജ്‌നോർ സ്വദേശിയാണ്. എട്ട് വര്‍ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹത്തിനു പിന്നാലെയാണ് ഇരുവരും യുഎസിൽ എത്തിയത്.  ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളുണ്ട്.

വര്‍ഷങ്ങളായി ഭര്‍ത്താവിനു നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്നും തന്റെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ മനസ്സു വരാത്തതുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചുനിന്നതെന്നും  മന്ദീപ് പറയുന്നു. തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല വേണ്ടിയിരുന്നതെന്നും ആൺകുട്ടികളെ ആഗ്രഹിച്ചിരുന്നതായും സന്ധുവിന്റെതായി പുറത്തു വന്ന വിഡിയോയിൽ പറയുന്നു. ദമ്പതികളുടെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കൂടുതലും പ്രചരിച്ചത്. യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലാൻ സന്ധു ശ്രമിക്കുന്നതും ഇതുകണ്ട് പെണ്‍മക്കള്‍ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും മറ്റൊരു വിഡിയോയിൽ വ്യക്‌തമാണ്.

മന്ദീപിനെ ഭർത്താവ് അതിക്രൂരമായി മർദിക്കുന്ന വിഡിയോയുമായി ന്യൂയോർക്ക് പൊലീസിൽ  മന്ദീപ് കൗറിന്റെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു . പക്ഷെ അഭിപ്രായ ഭിന്നതകൾ പറഞ്ഞു തീർത്ത് സന്ധുവിനൊപ്പം പോകാനാണ് അവർ തീരുമാനിച്ചത്’– മന്ദീപിന്റെ പിതാവ് ജസ്‌പാൽ സിങ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു അവളുടെ ആധി. മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹായിക്കണമെന്നു കേന്ദ്രസർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും ജസ്‌പാൽ സിങ് പറഞ്ഞു. ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്ന വിഡിയോകൾ പലതും മന്ദീപ് തന്നെയാണ് കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും അയച്ചിരുന്നത്.

എനിക്ക് നേരിട്ട പീഡനങ്ങൾ കണ്ട് മനസ്സ് മടുത്ത എന്റെ അച്ഛൻ അയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. അയാൾ ജയിലിൽ ആകുകയും ചെയ്‌തു. സന്ധു കരഞ്ഞ് കാൽപിടിച്ചതോടെയാണ് പരാതി പിൻവലിക്കാൻ ഞാൻ തീരുമാനിച്ചത്’– ബന്ധുക്കൾ പുറത്തുവിട്ട വിഡിയോയിൽ  മന്ദീപ് പറയുന്നു. ‘5 ദിവസത്തോളം ട്രക്കിൽ ബന്ദിയാക്കി ഭർത്താവ് അതിക്രൂരമായി എന്നെ മർദിച്ചിട്ടുണ്ട്. ഭർതൃമാതാവ് കുടുംബത്തെ അസഭ്യം പറയുകയും എന്നെ മർദിക്കാൻ അയാളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യും’– വിഡിയോയിൽ യുവതി പറയുന്നു.

ന്ദീപിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിച്മണ്ടിൽ ഇന്ത്യൻ വംശജർ പ്രതിഷേധത്തിലാണ്. ‘ജസ്റ്റിസ് ഫോര്‍ മന്ദീപ്’എന്ന ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളിൽ ശക്തമായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വീഡിയോ

Share
error: Content is protected !!