വിമാനം നിലത്തിറങ്ങി 45 മിനുട്ട് കഴിഞ്ഞിട്ടും ടെർമിനലിലേക്ക് പോകാനുള്ള ബസ് വന്നില്ല; ക്ഷുഭിതരായ യാത്രക്കാർ ഇറങ്ങി നടന്നു. സ്‌പൈസ് ജെറ്റിനെതിരെ വീണ്ടും പരാതി

സ്പൈസ് ജെറ്റ് വിമാനത്തിൽ ഹൈദരാബാദിൽ നിന്നെത്തിയ യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങി വിമാനത്താവളത്തിന്റെ ടാർമാക്കിലൂടെ ടെർമിനലിലേക്ക് കാൽനടയായി പോയി. ശനിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലാണ് സംഭവം.

യാത്രക്കാരെ ടെർമിനലിലേക്ക് കൊണ്ടുപോകാനുള്ള ബസ് എത്താൻ വൈകിയതാണ് യത്രക്കാരെ നടക്കാൻ പ്രേരിപ്പിച്ചത്. 45 മിനുട്ടോളം ബസിനായി കാത്തിരുന്ന ശേഷമാണ് യാത്രക്കാർ നടക്കാൻ തുടങ്ങിയത്.

സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അന്വേഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

എന്നാൽ ബസുകളെത്താൻ വൈകിയെങ്കിലും ബസുകൾ വന്നയുടനെ നടന്ന് തുടങ്ങിയ യാത്രക്കാരടക്കം എല്ലാ യാത്രക്കാരും ടാർമാക്കിൽ നിന്ന് ടെർമിനൽ കെട്ടിടത്തിലേക്ക് കൊണ്ടുപോയതായി സ്പൈസ്ജെറ്റ് പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിന്റെ ടാറിങ് ഏരിയയിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ യാത്രക്കാർക്ക് നടക്കാൻ അനുവാദമില്ല. ടാറിങ്ങിൽ വാഹനങ്ങൾക്കു മാത്രമായി അതിർത്തി നിർണയിച്ച പാതയുണ്ട്. അതിനാൽ, ടെർമിനലിൽ നിന്ന് വിമാനത്തിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകാൻ വിമാന കമ്പനികൾ ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഈ ബസ് വരാൻ വൈകിയത് മൂലമാണ് യാത്രക്കാർ ഇറങ്ങി നടന്നത്.
186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്-ഡൽഹി വിമാനം ശനിയാഴ്ച രാത്രി 11.24 നാണ് ഡൽഹിയിൽ ഇറങ്ങിയത്. ഉടൻ തന്നെ ഒരു ബസ് വന്ന് കുറച്ച് ആളുകളെ ടെർമിനൽ 3 ലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള യാത്രക്കാർ ഏകദേശം 45 മിനിറ്റോളം കാത്തിരുന്നു. അവർക്കായി ഒരു ബസും വരുന്നത് കാണാത്തതിനാൽ, അവർ ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ടെർമിനലിലേക്ക് നടക്കാൻ തുടങ്ങി. ഇവർ ഏകദേശം 11 മിനിറ്റ് ടാർമാക്കിൽ നടന്നതിനുശേഷം, ഏകദേശം 12.20 ന് ഒരു ബസ് അവരെ ടെർമിനലിലേക്ക് കൊണ്ടുപോകാൻ വന്നു എന്ന് യാത്രക്കാർ പറഞ്ഞു.
എന്നാൽ സംഭവത്തെ കുറിച്ച് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നത് ഇങ്ങിനെ:”ഓഗസ്റ്റ് 6 ന് സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ ഹൈദരാബാദ്-ഡൽഹിയിലെ യാത്രക്കാർ ടെർമിനലിലേക്ക് കാൽനടയായി നടക്കാൻ നിർബന്ധിതരായെന്ന വിവരം തെറ്റാണ്. ടാർമാക്കിൽ നിന്ന് ടെർമിനൽ കെട്ടിടത്തിലേക്ക് യാത്രക്കാരെ കടത്തിവിടാനുള്ള ബസുകൾ വരാൻ ചെറിയ കാലതാമസം നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ ജീവനക്കാരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ വകവെക്കാതെയാണ് കുറച്ച് യാത്രക്കാർ ടെർമിനലിലേക്ക് നടക്കാൻ തുടങ്ങിയത്. പിന്നീട് ബസുകൾ എത്തുമ്പോൾ അവർ കുറച്ച് മീറ്ററുകൾ കഷ്ടിച്ച് നടന്നിരുന്നു. നടക്കാൻ തുടങ്ങിയവരുൾപ്പെടെ എല്ലാ യാത്രക്കാരും ബസുകളിൽ തന്നെ ടെർമിനൽ കെട്ടിടത്തിലേക്ക് എത്തിച്ചിട്ടുണ്ട്” സ്പൈസ് ജെറ്റ് വിശദീകരിച്ചു.

സംഭവത്തെ കുറിച്ച് ഡി.ജി.സി.എ അന്വോഷിച്ച് വരികയാണ്. നിലവിൽ, ഏതാനും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്പൈസ് ജെറ്റിൻ്റെ സർവീസുകൾ എട്ട് ആഴ്ചത്തേക്ക് 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഈ നടപടി നേരിടുന്നതിനിടയിലാണ് പുതിയ സംഭവം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share
error: Content is protected !!