ഉമ്മയുടെ കയ്യിൽനിന്ന് പിടിവിട്ട് ഒഴുകിപ്പോയി; രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: കണിച്ചാറിലെ കൊളക്കാട് നിടുംപുറം ചാലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വീടിന്റെ പരിസരത്തെ കുടുംബക്ഷേമകേന്ദ്രത്തിന് സമീപത്തു നിന്നാണ് മൃതദേഹംകണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
മലവെള്ളപാച്ചിലില്‍ ഒഴുകിപോയ നിടുംപുറം ചാറില്‍ കൊളക്കാട് കുടുംബ ക്ഷേമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഷഫീക്ക്-നദീറയുടെ മകള്‍ നുമ തസ്ലീമിൻ്റെ മൃതദേഹമാണ് (രണ്ടര) ഇന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ.
വെള്ളം കുത്തിയൊലിച്ചു വരുന്ന ശബ്ദം കേട്ടാണ് അമ്മ നദീറ കുഞ്ഞുമകളുമായി വീടിന്റെ പിന്‍ഭാഗത്തേക്കെത്തി രക്ഷപ്പെടാൻ നോക്കിയത്. പക്ഷേ അപ്പോഴേക്കും ദുരന്തത്തിന്റെ രൂപത്തിൽ മലവെള്ളം കുത്തിയൊഴുകി വന്നു. നദീറ ആ കുഞ്ഞുകൈകളെ മുറുക്കിപ്പിടിക്കാൻ നോക്കിയെങ്കിലും മനസും ശരീരവും തളർന്ന് പിടിവിട്ടു പോയി.
ആർത്തുകരഞ്ഞെങ്കിലും കുഞ്ഞുമകളെ പിന്നെയൊരു നോക്കു കാണാൻ പോലും ആ ഹതഭാഗ്യയായ അമ്മയ്ക്കായില്ല. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷിച്ചു. പിന്നീടു രാവിലെ നടത്തിയ തിരച്ചിലിൽ രണ്ടര വയസുകാരിയുടെ തണുത്തു വിറങ്ങലിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.
എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.
കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയതായി നാട്ടുകാർ പറഞ്ഞു. വെള്ളറയിൽ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട് പൂർണമായി തകർന്നു. ചന്ദ്രന്റെ മകൻ റിവിനെ കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരു കെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി.
കാണാതായതിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ അപകടത്തിൽ പെട്ട വിവരം ആദ്യഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്.
ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഒലിച്ചു പോയതായി ഡയറക്ടർ സന്തോഷ് അറിയിച്ചു. നിരവധി പശുക്കൾ ചാവുകയും തെറ്റുവഴി സർവീസ് സ്റ്റേഷനു സമീപം ഒരു കുടുംബം ഒറ്റപ്പെടുകയും ചെയ്തു. തലശേരി, മാനന്തവാടി അന്തർ സംസ്ഥാനപാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുൾപൊട്ടലിൽ ഒരുകുടുംബം പൂർണമായും ഒറ്റപ്പെട്ടു,.കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുൾപൊട്ടി ചെക്കേരികണ്ടത്തിൽ ഭാഗങ്ങളിൽ വീടുകൾക്കും കൃഷിക്കും നാശമുണ്ടായി.
നെടുംപൊയിൽ ടൗണിൽ പൂർണമായും വെള്ളം കയറി. കൊമ്മേരി , കറ്റിയാട്, പുന്നപ്പാലം,ഭാഗങ്ങളിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. തൊണ്ടിയിൽ ടൗൺ പൂർണമായും വെള്ളത്തിലായി. ഈഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. ഇരുപതോളംകടകൾ പൂർണമായും വെള്ളം കയറി നശിച്ചു. പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പഭാഗങ്ങളിൽ രാത്രിവൈകിയും ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വൈദ്യുതിബന്ധം തടസപ്പെട്ടതിനാൽരക്ഷാപ്രവർത്തനത്തിന് തടസമായി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക