ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; പത്ത് രോഗികൾ വെന്ത് മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക് – വീഡിയോ

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. ഗോഹൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.

തീപിടിത്തത്തിൽ പത്ത് പേർ മരിച്ചതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ജബൽപൂർ ജില്ലാ കളക്ടർ അല്ലയ്യ രാജ പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

ഗുരുതരമായി പൊള്ളലേറ്റ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ജബൽപൂർ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ബഹുഗുണ സംഭവം സ്ഥിരീകരിച്ചു.

ഇതോടൊപ്പം മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. “ഒരു ഡസനിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞുവരികയാണ്,” ബഹുഗുണ പറഞ്ഞു.

ആശുപത്രിയിൽ നിന്ന് ഒഴിപ്പിക്കാൻ ഒരു വഴി മാത്രമുണ്ടായിരുന്നതിനാൽ ഭൂരിഭാഗം ആളുകളും അകത്ത് കുടുങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.

അഗ്നിശമന സേനയുടെ വാഹനങ്ങൾക്കുപോലും തീ നിയന്ത്രണവിധേയമാക്കാൻ ആദ്യം കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!