മകളെ തോളിലേറ്റി നടന്നു നീങ്ങവേ യുവാവിനു വെടിയേറ്റു – വിഡിയോ

മകളെ തോളിലേറ്റി നടന്നു നീങ്ങുന്നതിനിടെ യുവാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പെൺകുട്ടിക്കു പരുക്കേറ്റിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിനിരയായ വ്യക്തി മകളുമായി റോഡിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് എതിരെ വരുന്ന അക്രമി അടുത്തെത്തുന്നതോടെ തോക്കെടുത്ത് വെടിവയ്ക്കുന്നതും ഇരയായ വ്യക്തി തൽക്ഷണം നിലത്തു വീഴുന്നതും വിഡിയോയിൽ ഉണ്ട്. അക്രമി മറ്റു രണ്ട് പുരുഷന്മാർക്കൊപ്പം ബൈക്കിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും വിഡിയോയിൽനിന്നു വ്യക്തമായി.

 

 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാൻപുരിലെ കുടുംബവീട്ടിലെത്തിയ ഷുഹൈബാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് അറിയിച്ചു. ‘‘സംഭവവുമായി ബന്ധപ്പെട്ട് ഗുഫ്രാൻ, നദീം എന്നിങ്ങനെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാമത്തെ പ്രതിയായ താരിഖിനെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.’’– സീനിയർ പൊലീസ് ഓഫീസർ അശോക് മീണ പറഞ്ഞു. പ്രതികളിൽ ഒരാൾ ഇരയുടെ ബന്ധുവാണ്. വ്യക്തിവൈരാഗ്യമായിരിക്കാം ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share