‘മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചു’: സ്വപ്ന സുരേഷ്
ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണിത് ചെയ്തതെന്നുമാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.
”കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൌസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സത്യപ്രതിഞ്ജലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു”. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു. കൂടുതൽ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന പറഞ്ഞു.
മുൻ മന്ത്രി കെടി ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ചും സ്വപ്നാ സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ജലീലിന്റെ ശ്രമിച്ചെന്നായിരുന്നു നേരത്തെ സ്വപ്നയുടെ ആരോപണം. ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു. പ്രോട്ടോകോൾ ലംഘിച്ചാൽ തൂക്കി കൊല്ലുമോ എന്ന് ജലീൽ മാധ്യമങ്ങളോട് ചോദിക്കുകയും ചെയ്തു. ഇത് പിന്നീട് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങളാണുണ്ടാക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക