കുഞ്ഞനുജനുവേണ്ടി സഹായം തേടിയ എസ്.എം.എ ബാധിതയായ അഫ്ര മരണത്തിന് കീഴടങ്ങി
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗ ബാധിതയായ മാട്ടൂൽ സ്വദേശിനി അഫ്ര (15)മരിച്ചു. പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇടിത്തീപോലെയാണ് തിങ്കളാഴ്ച്ച പുലരുമ്പോൾ കണ്ണൂർ അഫ്രയുടെ മരണവാർത്ത കേട്ടത്.
ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു ലോകത്തോട് പറഞ്ഞ അഫ്രയുടെ വാക്കുകൾ കണ്ണീരോർമ്മയായി. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അനിയന് വേണ്ടി വീൽചെയറിലിരുന്ന് സഹായം അഭ്യർത്ഥിച്ച അഫ്രയുടെ വാക്കുകൾ കേരളം ഏറ്റെടുത്തപ്പോൾ മുഹമ്മദിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സഹായം ഒഴുകി എത്തുകയായിരുന്നു.
അഫ്ര ഇനി കേരളത്തിന്റെ മനസിന്റെ മുറിവായി അവശേഷിക്കും. സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അവൾ ജീവിതത്തിലേക്ക് മടങ്ങിവന്ന് പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുമെന്ന പ്രതീക്ഷയേയാണ് മരണം കരിച്ചുകളഞ്ഞത്.
അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും(2വയസ്സ്) ഇതേ രോഗമാണ്. മുഹമ്മദിന്റെ ചികില്‍സക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളം കോടികളാണ് സ്വരൂപിച്ചത്. മുഹമ്മദിന്റെ ചികില്‍സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയുടെ മരണം.
ഞരമ്പുകളിലെ തകരാറുകള്‍ മൂലം പേശികള്‍ പ്രവര്‍ത്തനരഹിതമാവുകയും പിന്നീട് അസ്ഥികളെയും ബാധിക്കുന്ന മാരകമായ രോഗമാണ് എസ്‌എംഎ. സോള്‍ജെന്‍സ്മ എന്ന മരുന്ന് നല്‍കുകയാണ് ഏക ചികില്‍സ. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നാണ് ഇത്.
കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ഓഗസ്റ്റ് 24 നാണ് മുഹമ്മദിന് മരുന്നു കുത്തിവച്ചത്. ഫിസിയോ തെറപ്പിയും ചെയ്യുന്നുണ്ട്. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
അസുഖ വിവരമറിഞ്ഞു മുൻപ് സഹായം ചെയ്ത ഒട്ടേറെപ്പേർ ചികിത്സാ സഹായ കമ്മിറ്റിയെയും മാതാപിതാക്കളെയും ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രയ്ക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി. മന്ത്രി ആർ.ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് അഫ്രയ്ക്ക് വീൽചെയർ നൽകിയത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. മകൾ ആശുപത്രിയിൽ ആയതോടെ വിദേശത്ത് ജോലിക്കു പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിൽ എത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക