വിമാനവും പാസഞ്ചർ ജെറ്റും തമ്മിൽ കൂട്ടിയിടിച്ചു
മയാമി: മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു പി എസ് കാർഗോ വിമാനവും കോപ്പ എയർലൈൻസ് പാസഞ്ചർ ജെറ്റും തമ്മിൽ ടാക്സിവേയിൽ കൂട്ടിയിടിച്ചു. യു പി എസിന്റെ ബോയിങ് 767 വിമാനവും കോപ്പ എയർലൈൻസിന്റെ ബോയിങ് 737 വിമാനവുമാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രണ്ട് ടാക്സിവേകളുടെ കവലയിൽ വെച്ചാണ് വിമാനങ്ങൾ തമ്മിൽ ഉരസിയതെന്ന് അധികൃതർ അറിയിച്ചു. പനാമ സിറ്റിയിൽ നിന്നും എത്തിയ കോപ്പ എയർലൈൻസ് വിമാനത്തിന്റെ ചിറക് അഗ്രം യു പി എസ് വിമാനത്തിന്റെ മൂക്കുഭാഗത്ത് ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ഇരു വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധിച്ചു.
അപകടത്തെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ ഓഡിയോ വിവരങ്ങൾ പുറത്തുവന്നു. വിമാനം കൂടുതൽ മുന്നൂട്ട് പോയെന്നും മറ്റേ വിമാനത്തിന്റെ ചിറക് തങ്ങളെ ഉരസിയെന്നും യു പി എസ് പൈലറ്റ് കൺട്രോളറോട് പറഞ്ഞു. തങ്ങളുടെ വിമാനത്തിന്റെ ഇടത് ചിറക് അഗ്രം നഷ്ടപ്പെട്ടതായി കോപ്പ പൈലറ്റും അറിയിച്ചു. കോപ്പ വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റിയതായി എയർലൈൻസ് വ്യക്തമാക്കി. യു പി എസ് വിമാനത്തിന്റെ മുൻവശം തകർന്ന നിലയിലാണ്.
അമേരിക്കയിലുടനീളം വിമാന സർവീസുകൾ താറുമാറായ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഈ അപകടം നടന്നിരിക്കുന്നത്. വിമാനങ്ങളുടെ ഗതിയും സാഹചര്യങ്ങളും പരിശോധിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.


