തണ്ണിമത്തനിലൂടെ പേരെടുത്തു, വാഴക്കുല ‘ലഹരിയിൽ’ കുടുങ്ങി: മയക്കുമരുന്നിന്റെ ഉറവിടം നൈജീരിയക്കാർ

ആലുവ: വാഴക്കുലയിൽ ഒളിപ്പിച്ച് വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഭവത്തിന് ബെംഗളൂരുവിലെ നൈജീരിയൻ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. സംഭവത്തിൽ പിടിയിലായ മുഖ്യ കടത്തുകാരൻ ധനേഷ് എസ്. നായർ(31)ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത് നൈജീരിയൻ ബന്ധത്തിലൂടെ ആണെന്നാണ് പോലീസ് പറയുന്നത്.

ബിസിനസ് വിസയിലും വിദ്യാഭ്യാസ വിസയിലും ഇന്ത്യയിലെത്തുന്ന നൈജീരിയൻ സ്വദേശികൾ വിസ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി ഇന്ത്യയിൽ തങ്ങിയാണ് ലഹരിമരുന്ന് കച്ചവടം നടത്തുന്നത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നൈജീരിയക്കാർ ലഹരികച്ചവടം നടത്തുന്നത്. ഇവരുടെ പക്കൽ നിന്നും മൊത്തമായി എംഡിഎംഎ വാങ്ങും.

വാഴക്കുലയിലെ കായ്കളുടെ ഓരോ നിര പടലകൾക്കിടയിൽ 50 ഗ്രാം ആക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് എംഡിഎംഎ. കടത്തുന്നത്. വാഴക്കുല മൊത്തമായി പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടും. പരിശോധന ഉണ്ടായാൽ ചാക്ക് തുറന്നു വാഴക്കുലയാണെന്ന് കാണിച്ചുകൊടുക്കും. കാർഷിക വിഭവം ആയതിനാൽ കൂടുതൽ പരിശോധിക്കാനായി പോലീസ് നിൽക്കാറില്ല.

ഈ അവസരം മുതലാക്കി ധനേഷ് 2023 മുതൽ വാഴക്കുലകൾക്കിടയിൽവെച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിവരുന്നുണ്ട്. മൈസൂരുവിലെ നഞ്ചൻകോടിൽ നിന്നാണ് എംഡിഎംഎ കൊച്ചിയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. നഞ്ചൻകോടിൽ ആറേക്കർ വാഴത്തോട്ടമാണ് ഇയാൾക്കുള്ളത്.

എംഡിഎംഎ കടത്തുന്നതിനായി പലപ്പോഴും കേരളത്തിൽ നിന്നും കുറച്ചുപേരെ നഞ്ചൻകോടിൽ കൊണ്ടുവന്നിരുന്നു. 2023-ൽ ധനേഷിന് ലഭിച്ച സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്‌കാരം റദ്ദാക്കാനുള്ള ശ്രമവും ആരംഭിച്ചു. പോലീസിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ പുരസ്‌കാരം റദ്ദ് ചെയ്‌തേക്കും. വാഴക്കുലകൾ കർശനമായ പരിശോധന നടത്താത്തതിനാൽ അമിത ആത്മവിശ്വാസത്തിലാണ് ഇയാൾ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്.

മികച്ച കർഷകനെന്ന് പേരെടുത്തതും ഇയാൾക്ക് ഗുണകരമായി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാൾ അറസ്റ്റിൽ ആയതോടെ ഒളിവിൽ പോയ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.

Share