ഓഫിസ് ഫ്രീസറില്‍ പെട്ടി, തുറന്നപ്പോള്‍ യുവതിയുടെ മൃതശരീരം; ഞെട്ടലായി കൊലപാതകം
ഓഫിസിലെ ഫ്രീസര്‍ തുറന്ന ജീവനക്കാരന്‍റെ ശ്രദ്ധ പെട്ടത് തുണികൊണ്ട് മൂടിയ ആ പെട്ടിയാണ്. ദിവസങ്ങളായി ഫ്രീസറില്‍ ആ പെട്ടി ഉണ്ടായിരുന്നു. ഫ്രീസറില്‍ എന്താണൊരു സാധാരണ പെട്ടിക്ക് കാര്യം. സംശയം തോന്നിയ ജീവനക്കാരന്‍ പെട്ടി പണിപ്പെട്ട് പുറത്തെടുത്ത് തുറന്നുനോക്കി. പെട്ടി തുറന്ന അയാള്‍ ഞെട്ടി. കണ്ടത് നാല്പതിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയുടെ തണുത്തുറഞ്ഞ മൃതശരീരമായിരുന്നു. ഇതാണ് തായ്പേയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത.
എന്നാല്‍ പൊലീസില്‍ പരാതിപ്പെടേണ്ട ആവശ്യം വന്നില്ല. യുവതിയെ അന്വേഷിച്ച് പൊലീസ് ഓഫിസില്‍ എത്തിയിരുന്നു. ഓഫിസിലെ ജീവനക്കാരനായ വു എന്ന യുവാവിന്‍റെ കാമുകിയായിരുന്നു മരണപ്പെട്ട യുവതി, കൊന്നത് വൂവും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം തായ്‍ലന്‍ഡ് സ്വദേശിയായ യുവതി വൂവുമായി അടുപ്പത്തിലായിരുന്നു. ഈ മാസം രണ്ടിന് വൂവിനെ കാണാനായി യുവതി തായ്പേയിലെത്തി. തുടര്‍ന്ന് യുവതിയും വൂവുമായി കണ്ടുമുട്ടി. ഇരുവരും ഒരു ഹോട്ടലില്‍ റൂമെടുത്തു. എന്നാല്‍ യുവതിയ്ക്ക് ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് കേട്ട് കോപാകുലനായ വു യുവതിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. യുവതി മരിച്ചു. ഇതോടെ വു പേടിച്ചു. യുവതിയുടെ ശരീരം എങ്ങനെ നശിപ്പിക്കണമെന്നായി വൂവിന്‍റെ അടുത്ത ചിന്ത. എന്നാല്‍ ശരീരം നശിപ്പിക്കാന്‍ വൂവിന് ഒരു വഴിയും കണ്ടെത്താനായില്ല. വെറുതെ വച്ചാല്‍ ചീയുകയും ചെയ്യും. ഇതോടെ ശരീരം എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിച്ച് പിന്നീട് നശിപ്പിക്കാമെന്ന് വു തീരുമാനിച്ചു. തുടര്‍ന്ന് തന്‍റെ ഓഫിസിലെ ഫ്രീസറില്‍ ശരീരം സൂക്ഷിക്കാമെന്ന് വു തീരുമാനമെടുത്തു.
14നായിരുന്നു യുവതി തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും യുവതിയെ കാണാതായതോടെ തായ്‍ലന്‍ഡിലെ കുടുംബം തായ്പെയ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. യുവതിയുടെ ഫോണ്‍ സിഗ്നല്‍ വച്ച് അന്വേഷണം നടത്തിയ പൊലീസ് യുവതി വൂവുമായി ഹോട്ടലില്‍ യുവതി എത്തുന്ന ദൃശ്യം കണ്ടെത്തി. വു ഒരു പെട്ടിയുമായി ഹോട്ടലില്‍ നിന്ന് മടങ്ങുന്ന ദൃശ്യവും കണ്ടു. എന്നാല്‍ ഒപ്പം യുവതിയില്ല.
തുടര്‍ന്ന് സിസിടിവി ക്യമറകള്‍ പരിശോധിച്ച് വു ഓഫിസില്‍ എത്തുന്നത് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് ശരീരം കണ്ടെത്തുന്നത്.
അറസ്റ്റിന് പിന്നാലെ താന്‍ ആണ് യുവതിയെ കൊന്നതെന്നും പെട്ടന്ന് തോന്നിയ ദേഷ്യത്തില്‍ കഴുത്തില്‍ പിടിച്ചപ്പോള്‍ യുവതി കൊല്ലപെടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വു യുവതിയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് നിഗമനം. യുവതിയെ കൊന്ന് കടത്താനായി വു പ്രത്യേകമായി വലിയ പെട്ടി കൊണ്ടുവന്നതാകാമെന്നതാണ് ഈ സംശയത്തിലേക്ക് കടക്കാന്‍ കാരണമായത്. കേസില്‍ അന്വേഷണം തുടരുകയാണ്.


