പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം
ട്രിപ്പോളി: പുതുപുത്തൻ സ്വകാര്യ ജെറ്റ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി തീപിടിച്ച സംഭവത്തിൽ, മദ്യപിച്ച് വിമാനം പറത്തിയതിനു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പൈലറ്റുമാർ അറസ്റ്റിൽ.
ലിബിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ മിസ്രാത്ത രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തുർക്കിയിലെ ഇസ്താംബുളിൽ നിന്നും ലിബിയയിലുള്ള വിഐപി യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നതിനായി യാത്രക്കാരില്ലാതെ പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2026ൽ നിർമിച്ച അത്യാധുനിക വിമാനമാണ് ഇതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന ജർമൻ സ്വദേശിയായ ക്യാപ്റ്റൻ, തുർക്കി സ്വദേശിയായ കോ പൈലറ്റ്, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എന്നിവർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റ് ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം പൂർണമായും കത്തിയമർന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം പൈലറ്റുമാരെ തടങ്കലിലേക്ക് മാറ്റാൻ ലിബിയൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. വിമാനം പറത്തുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നതിനു വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൈലറ്റുമാരുടെ അശ്രദ്ധ വിമാനത്താവളത്തിനും ജീവനക്കാർക്കും വ്യോമമേഖലയ്ക്കും കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയതെന്നും അന്വേഷണ സംഘം വിലയിരുത്തി.
അതേസമയം, വിമാനം നിയന്ത്രിച്ചിരുന്ന തുർക്കിയിലെ ചാർട്ടർ ഓപ്പറേറ്ററായ ബികെഎൻ ജെറ്റ് ഏവിയേഷൻ കമ്പനി ആരോപണങ്ങൾ നിഷേധിച്ചു. പൈലറ്റുമാർ മദ്യപിച്ചിരുന്നതായി വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളോ പരിശോധനാ ഫലങ്ങളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.


