വാഹന മോഡിഫിക്കേഷനിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; നടപടി ലഘൂകരിക്കരുതെന്ന് കർശന നിർദേശം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവർത്തിച്ച് ഹൈക്കോടതി.
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന്  ആവർത്തിച്ച് ഹൈക്കോടതി. അനുമതിയില്ലാതെ ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകൾ തുടങ്ങിയക്കെതിരെയാണ് കോടതിയുടെ ഇടപെടൽ. ഇത്തരം വാഹനങ്ങൾ റോഡിലെ മറ്റ് യാത്രക്കാരുടെയും, കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

നിയമത്തിൽ അനുവദിച്ചിട്ടില്ലാത്ത ലൈറ്റുകൾ വാഹനങ്ങളിൽ പാടില്ല: കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിലും വ്യക്തമായി അനുവദിച്ചിട്ടുള്ള ലൈറ്റിങ്, ലൈറ്റ്-സിഗ്നലിങ് ഉപകരണങ്ങൾ, റെട്രോ-റിഫ്ലക്ടറുകൾ എന്നിവ മാത്രമേ വാഹനങ്ങളിൽ ഘടിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി ആവർത്തിച്ചത്. *ചട്ടങ്ങളിൽ പ്രത്യേകമായി അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ ഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 334 ഉപയോഗിച്ച് ഇളവ് നൽകാനാകില്ല.* AIS-008, AIS-052 തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കും. വാഹനത്തിന്റെ നിർമാണം പരിപാലനം എന്നിവയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ വിശദമായ വ്യവസ്ഥകളുണ്ട്. അതിനാൽ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത മാറ്റങ്ങൾ അനുവദനീയമല്ലെന്നുമാണ് കോടതിയുടെ നിലപാട്. 

‘ദുരിതം’ സൃഷ്ടിക്കുന്ന ഹൈ-ഇന്റൻസിറ്റി ലൈറ്റുകൾ: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഉയർന്ന തീവ്രതയുള്ള ഹെഡ്‌ലൈറ്റുകളും മറ്റ് ലൈറ്റുകളും എതിർദിശയിൽ വരുന്ന ഡ്രൈവർമാരിൽ താൽക്കാലിക കാഴ്ചക്കുഴപ്പം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്ക് റോഡിലെ കുഴികൾ, ഓടകൾ തുടങ്ങിയവ തിരിച്ചറിയുന്നതിലും ബുദ്ധിമുട്ടുണ്ടാകാം. ഡ്രൈവർമാരുടെ പ്രതികരണ സമയം കുറയുകയും, ദൂരം കൃത്യമായി വിലയിരുത്തുന്നതിലും ലെയിൻ നിയന്ത്രിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. 

റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകളും അടിയന്തര വാഹനങ്ങളുടെ സൈറൺ അനുകരിക്കുന്ന അനധികൃത ഹൂട്ടറുകളും കർശനമായി നിരോധിക്കണമെന്ന സുപ്രീംകോടതി നിർദേശവും ഹൈക്കോടതി പരാമർശിച്ചു. ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നു. 

ഇൻഫ്ലുവൻസർമാരും മോഡിഫിക്കേഷനും: വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ച് റോഡിലൂടെ ഓടിക്കുന്നതിന്റെ വീഡിയോകൾ വ്ലോഗർമാർ യൂട്യൂബിൽ പ്രചരിപ്പിക്കുന്നതായി ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വീഡിയോകൾ കോടതി തുറന്ന കോടതിയിൽ തന്നെ പരിശോധിക്കുകയും ചെയ്തിരുന്നു. റെഡ്–ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, ത്രിവർണ ഫോഗ് ലാമ്പുകൾ, ഹെഡ്‌ലൈറ്റിന് മുകളിലായി സ്ഥാപിക്കുന്ന ഓക്സിലറി ലൈറ്റുകൾ, അനധികൃത മൾട്ടി-ഫങ്ഷൻ റിയർ ലൈറ്റുകൾ തുടങ്ങിയവയുടെ ദൃശ്യങ്ങളും 

കോടതി ചൂണ്ടിക്കാട്ടി. വാഹന ആക്സസറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും, യൂട്യൂബ് ഇൻഫ്ലുവൻസർമാരും ഇത്തരം മാറ്റങ്ങളുടെ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതായി കോടതി പറഞ്ഞു. 

Share